Friday, December 25, 2009

വസന്തത്തിന്‍ ഇടിമുഴക്കം....


കനത്ത ഒരു ഇടി മുഴക്കമായിരുന്നു ഇന്നത്തെ ക്രിസ്തുമസ് ദിന ഉറക്കം ഉണര്‍ത്തിയത്. നോക്കിയപ്പോള്‍‍ നേരം 6.30. മിന്നല്‍ക്കൊടികള്‍ തേരാ പാരാ. ഷംസിനെ കാണാനില്ല. ഓടിവന്നു നോക്കി. മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നു. ങേഹെ ആളില്ല !!. വീണ്ടും ഓടി ടെറസ്സിലേക്ക്... അപ്പൊള്‍ ഉണ്ടേടാ, ദേ റേയിന്‍ കോട്ടും ഒക്കെ ഇട്ടു ക്യാമറാ സ്റ്റാന്റും തൂക്കി ആള്‍ റൂഫ് ടോപ്പില്‍ നിന്നും വരുന്നു...

ഹൊ......മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ!!!

ങ്ഹും ഞാന്‍ ഒന്നു പേടിച്ചാലെന്താ‍ ഈ പോട്ടം കിട്ടിയല്ലോ, ചിതല്‍ മൂടി കിടന്ന അസ്മദീയം ഒന്നു ഇടിച്ചു നിരത്താന്‍ :)
ആറ് മാസമായി അനക്കമില്ലാതെ കിടന്ന ഇവിടെ ഒരു കുഞ്ഞു ഫോട്ടോ പോസ്റ്റ്.

വീട്ടില് നല്ല ഫോട്ടോഗ്രാഫെര്‍മാര്‍ ഉണ്ടായിപ്പോയതിന്റെ ഒരു ഗതികേടേ!!!!
എനിയ്ക്കൊരു നല്ല പടമെടുത്ത് പോസ്റ്റാന്‍ വയ്യാണ്ടായി ഇപ്പോള്‍.
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഞാന്‍ ഒരു പോട്ടം പിടിച്ച് പോസ്റ്റിയാലും എല്ലാരും പറയും “ഓഹ് ഇതു ഷംസുക്കാടെ അല്ലെങ്കില്‍ വാവയുടെ അതുമല്ലെങ്കില്‍ അപ്പുവിന്റെ പടമാ‍... ”

ശൊ അതോണ്ട് ഞാനാ പരിപാടി അങ്ങ് വേണ്ടാന്നു വെച്ചു... അല്ലാതെന്തു ചെയ്യാന്‍ :) :)

Thursday, June 11, 2009

ഒരു ഓര്‍മ.. ഓര്‍മപ്പെടുത്തലും..

“മാഡം.. മേം മുലൂക്ക് മെ ധാ. കല്‍ ആയാ. സബ് ലോഗ് ഠീക് ഹെ ഉധര്‍” നാട്ടില്‍ പോയി വന്നതിനു ശേഷം കുശലം പറയാനെത്തിയതാണ് ട്രക്ക് ഡ്രൈവര്‍ നസിറുദ്ദീന്‍...

പാക്കിസ്ഥാനില്‍ പോയി തിരിച്ചു വന്ന് എന്നെ കാണാന്‍ വന്നതാണ്.

“മകനെ കൊണ്ടുവന്നിട്ടുണ്ട് ഇനി ലൈസന്‍സ് എടുപ്പിച്ചു ഈ വണ്ടി ഒക്കെ അവനെ ഏല്‍പ്പിച്ച് മടങ്ങണം. ഇനി പോയാല്‍ തിരിച്ചു വരില്ല മാഡം. മതിയായി, മുപ്പത് കൊല്ലായി ഇവിടെ”

പിന്നെ ഇടക്കിടക്ക് കാണും.. പണി ചെയ്തതിന്റെ കൂലി വാങ്ങാന്‍ വരുമ്പോള്‍.എപ്പോള്‍ ഒഫീസ്സില്‍ വന്നാലും കാ‍ണാന്‍ വരും.


മകന്‍ ഇസ്ലാമുദ്ദീന് ലൈസന്‍സ് കിട്ടിയതിന്റെ സന്തൊഷം പങ്കിടാന്‍ ജിലേബിയുമായി വന്നു നസ്രുദ്ദീന്‍. അന്നയാള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. ഒരു ഭാരം ഇറക്കി വെച്ചപോലെ.


പിന്നെ, പണി ഉണ്ടാവുമ്പോള്‍ വന്നിരുന്നത് മകനായിരുന്നു. കാര്യങ്ങള്‍ എല്ലാം പഠിച്ചോ എന്ന ചോദ്യത്തിനു അവന്‍ തലയാട്ടും.

ബാപ്പയെപ്പോലെ തന്നെ മകനും. പണി കൃത്യം.. കൂലിയും മിതം.

പിന്നീട് നസ്രുദ്ദീന്‍ വന്നത് യാത്ര പറയാനായിരുന്നു.

“യെ ജുമാഹ് കാ ദിന്‍ മെം ജായേഗാ മാഡം.. വാപസ് നഹീ അയേഗാ... യാദ് കരേഗാ ആപ്കാ” കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞതിനു ശേഷം ,കിട്ടാനുള്ള പൈസയും വാങ്ങി, യാത്ര പറഞ്ഞ് നസ്രുദ്ദീന്‍ പോയി...
ഞാന്‍ എല്ലാ മംഗളങ്ങളും അയാള്‍ക്ക് നേര്‍ന്നു.


അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു.വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എക്സ്പോര്‍ട്ട് ഡെലിവറി ഡോക്കിനടുത്ത് ഒരാള്‍കൂട്ടം, ആംബുലന്‍സ് വന്നിട്ടുണ്ട്.

ഇടക്കിത് പതിവായതിനാല്‍ കാര്യമാക്കിയില്ല. ചെറിയ അപകടങ്ങള്‍ പതിവാണ് അവിടെ.

പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് വരാന്‍ തയ്യാറാവുമ്പോഴാണ് സഹപ്രവര്‍ത്തകന്റെ ഫോണ്‍..

“മാഡം അറിഞ്ഞില്ലേ.. ഇന്നലെ വൈകീട്ട് കാര്‍ഗോ വില്ലേജില്‍ ഉണ്ടായ ആക്സിഡന്റില്‍ നമ്മുടെ നസ്രുദ്ദീന്റെ മേല്‍ പാലറ്റ് വീണു. മറ്റൊരാളെ, അതിറക്കാന്‍ സഹായിക്കാന്‍ ചെന്നതായിരുന്നു. പാലറ്റ് മറിഞ്ഞു, നെഞ്ചിലാ വീണത്. ഉടന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും കാര്യായില്ല ഇന്ന് രാവിലെ മരിച്ചു!” വിശ്വസിക്കാനായില്ല. തരിച്ചിരുന്നു പോയി.


പിന്നീടറിഞ്ഞു, വണ്ടിയില്‍ ലോഡുമായി വന്നതാണ് നസ്രുദ്ദീന്‍. അപ്പുറത്ത് കണ്ടെയ്നറില്‍ നിന്ന് പാലറ്റുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് അയാള്‍ കണ്ടത് ഒരു പാലറ്റ് മുകളില്‍ നിന്നു മറിഞ്ഞു വീഴാറയിരിക്കുന്നു. വീണാല്‍ താഴെനില്‍ക്കുന്നവന്‍ അടിയിലാ‍വും. ഓടിച്ചെന്നതാ അവനെ രക്ഷിക്കാന്‍...!

ആ വെള്ളിയാഴ്ച്ച, നസ്രുദ്ദീന്‍ നാട്ടിലേക്കു തിരിച്ചു പോയി.. ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്ര. പക്ഷേ.....

ബോഡി കാണാന്‍ പോയില്ല, എനിക്കു കാണണ്ട. നാട്ടിലേക്കു മടങ്ങി പോകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ വന്ന ആ മനുഷ്യന്റെ മുഖത്തെ ആനന്ദം എന്റെ കണ്ണിലുണ്ട്, അതുമതി...


“ഇന്ന് ഞാന്‍ നാളെ നീ, ഇന്ന് ഞാന്‍ നാളെ നീ..
ഇന്നും പ്രതിദ്ധ്വനിയ്ക്കുന്നിതെന്നോര്‍മ്മയില്‍.. " ജി യുടെ പ്രസിദ്ധമായ വരികള്‍‍ ഓര്‍മ്മയില്ലേ………


ഓഫീസ്സിലെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ എന്നും കാണുന്ന കാഴ്ചകളിലൊന്നാണ് ശവമഞ്ചവുമായി വരുന്ന ആംബുലന്‍സ്. അതു കാണുമ്പോള്‍ മനസ്സില്‍ ഒരു ആന്തലാണ്. ചില ദിവസങ്ങളില്‍ എണ്ണം കൂടും. മറ്റു ദിവസങ്ങളില്‍ ഒന്നോ രണ്ടോ. രാത്രികളിലായിരിക്കും അധികം, കാരണം കൂടുതല്‍ ഫ്ലൈറ്റ് പോകുന്നത് ആ നേരങ്ങളിലാണ്. എംബാം ചെയ്ത സ്വന്തം ശരീരവുമായി സ്വദേശത്തേക്ക് അവസാന യാത്രക്കെത്തുന്നവര്‍. ഇവരെ സ്വീകരിക്കാന്‍ കാര്‍ഗൊ വില്ലേജില്‍ പ്രത്യേക ഡോക്ക് തന്നെ ഉണ്ട്. വളരെ ഫാസ്റ്റ് ആണ് കാര്യങ്ങള്‍, ഒരു താമസ്സവുമില്ല. കാത്തു നില്‍ക്കണ്ട, വഴക്കുപിടിക്കണ്ട…
ആംബുലന്‍സ് വന്നു നില്‍ക്കുന്നു, ബോഡി ഇറക്കുന്നു, ഡിനാറ്റ സ്റ്റാഫ് ഡൊക്യുമെന്റ്സ് പരിശൊധിക്കുന്നു. .എയര്‍ലൈനിന്റെ റെപ്രസന്റേറ്റിവ് വരുന്നു, എല്ലാം ഫടാ ഫട്.
ബോഡി കാര്‍ഗോ ആയിട്ടാണ് പോണതെങ്കിലും ടിക്കറ്റ് നിര്‍ബന്ധം!!.
അവസാന യാത്ര, ഒരു കാര്‍ഗോ ആയി നേരെ ഫ്ലൈറ്റിലെക്ക്…..
സാധാരണ ആയി ഫ്ലൈറ്റ് ലോഡിങ് സമയത്തിനുകുറച്ച് മുന്‍പേ ശവമഞ്ചങ്ങള്‍ എത്താറുള്ളൂ.കാത്തു നില്‍ക്കാനൊന്നും നേരമില്ല..നാ‍ട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കൊരുനോക്കു കാണാന്‍.. ഒന്നുമ്മ വെക്കാന്‍.. അവസാനമായി ഒരു പിടി മണ്ണിടാന്‍... യാത്രയാകുന്നു. അവസാനത്തെ പറക്കല്‍.
പലപ്പോഴും ജോലിയുടെ ഭാഗമായി ഇത് കാണാനിടവരാറുണ്ട്. പെട്ടിയില്‍ പേരും നാടും ഒക്കെ എഴുതി ഒട്ടിച്ച്, കാര്‍ഗോ അയയ്ക്കുന്നതിന്റെ എല്ലാ ചടങ്ങുകളുമായി... ഒരു യാത്ര.
അന്നു വരെ ഈ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്‍ മൂന്നാല് ദിവസങ്ങള്‍ക്ക് ശേഷം അതു വഴി തന്നെ തണുത്തുറഞ്ഞ് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.


വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം......

ഒരു ദിവസം തിരിച്ചു പൊക്ക്, അത് അനിവാര്യമാണല്ലോ എല്ലാവര്‍ക്കും.

എത്രപേര്‍ ഇതോര്‍ക്കുന്നു...

Saturday, May 30, 2009

ആദരാഞ്ജലികള്‍..

“എന്റെ കഥാ“കാരിക്ക് ആദരാഞ്ജലികള്‍....

Wednesday, March 25, 2009

ഇന്നു പെയ്ത മഴയില്‍....


ഒട്ടും പ്രതീക്ഷിക്കാതെ ആര്‍ത്തലച്ചു വന്നു, പെയ്തു പോയ ഇന്നത്തെ മഴയില്‍ കിട്ടിയത്, ആകാശത്തു വിരിഞ്ഞ ഒരു മിന്നല്‍ക്കൊടി.

ആലിപ്പഴങ്ങള്‍ വീണിരുന്നു.. കയ്യിലെടുത്തപ്പോളേക്കും അലിഞ്ഞില്ലാതായി.

Sunday, March 8, 2009

ഒരു ലേലത്തിന്റെ ബാക്കി പത്രം.


നമ്മുടെ രാഷ്ട്രപിതാവിന്റെ ചില സ്വകാര്യ വസ്തുക്കളുടെ ലേലം ന്യുയോര്‍ക്കില്‍ നടക്കുന്നു എന്ന പ്രഖ്യാപനം വന്നതു മുതല്‍ മറവിയുടെ ചാരത്തില്‍ നിന്നും ആ മഹാത്മാവിനെ പത്രങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു.
എന്തായിരുന്നു കോലാഹലം..

ലേലം നടക്കുമോ അതോ ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ലേലത്തില്‍ നിന്നും പിന്മാറുമോ??

ദൈവമേ എന്തെല്ലാം നാടകങ്ങള്‍.
സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍‍ക്കു വിരാമമിട്ടുകൊണ്ട് ദാ വരുന്നു പ്രഖ്യാപനം!

ഒരു പാവം കുഞ്ഞാട്, കള്ളുകച്ചവട കോടീശ്വരന്‍ വിജയ് മല്യ, വെറും 1.8 മില്യന്‍ യു, എസ് ഡോളറിന് ഇവ ലേലം കൊണ്ടു.

നോക്കണേ ഒരു വിരോധാഭാസം!!!

ജീവിച്ചിരുന്ന കാലം മുഴുവന്‍ മദ്യവര്‍ജ്ജനത്തിനായി പൊരുതിയിരുന്ന ബാപ്പുജിയുടെ സ്വകാര്യ വസ്തുക്കള്‍ സ്വന്തമാക്കാന്‍ മദ്യരാജാവ് വേണ്ടി വന്നു, അതാണ് ദയനീയം!

സ്വര്‍ഗരാജ്യത്തിരുന്ന് ഇത് കണ്ട് കണ്ണ് നിറയുന്നുണ്ടാവും ബാപ്പുവിന്.

തുക കുറഞ്ഞു പോയെന്നും പത്തു മില്യനെങ്കിലും കിട്ടേണ്ട്തായിരുന്നെന്നു ഉടമസ്ഥനായിരു‍ന്ന സായിപ്പ് ജേംസ് ഓട്ടിസ്.പുള്ളിക്കാരന്റെ കയ്യില്‍ ഇനിയുമുണ്ടത്രേ പലതും. 1934ല്‍ പച്ച ക്രയോണ്‍ പെന്‍സില്‍ കൊണ്ടെഴുതി, ബാപ്പു എന്ന് ഒപ്പിട്ട ഒരു കത്ത്, മരിക്കുന്നതിന് ഒന്‍പതു ദിവസം മുന്‍പ്മാത്രം ചെയ്ത രക്ത പരിശോധനാ റിപ്പോര്‍ട്ട്, 1924-ല്‍ ബാപ്പുവിനു വന്ന ഒരു ടെലിഗ്രാമിനു പുറത്ത് അദ്ദേഹം മറുപടി കോറിയിട്ടത്.. അങ്ങനെ പലതും.

ലേലം ചെയ്ത വസ്തുക്കള്‍ ആര്‍ക്ക് പോകും, ഇന്ത്യാ ഗവണ്മെന്റിനോ അതോ ലേലം കൊണ്ട ആള്‍ക്കോ? തീരുമാനം യു എസ് ഗവണ്മെന്റിന്റേതാണ്.

ജേംസ് ഓട്ടിസിന്റെ ഉദ്ദേശം പ്രശംസനീയമാണ്. ലേലം ചെയ്തു കിട്ടുന്ന പൈസയില്‍ ഒരണപോലും പുള്ളിയ്ക്കു വേണ്ട. ഇന്ത്യ പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷക്ക് കൂടുതലെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള, ബാപ്പുജിയുടെ മറ്റ് സ്വകാര്യ വസ്തുക്കള്‍ കൂടി തരാന്‍ തയ്യാറാണു താനും.
ശേഷം വെള്ളിത്തിരയില്‍.........
അല്‍പ്പം കൂടി:
പട്ടച്ചാരായം കളറുകലക്കി വിദേശ മദ്യം എന്ന പേരില്‍ വില്‍ക്കുന്ന നമ്മുടെ രാജ്യത്ത്...ഈ ദ്രാവക മിശ്രിതം സേവിച്ച് എത്ര പേരാണ് കരളു ദ്രവിച്ച് ജീവിച്ച്-മരിച്ച്-ജീവിക്കുന്നത്, ഇവരുടെ ചികത്സക്ക് കുടുംബത്തിന്-രാഷ്ട്രത്തിന് ചിലവാകുന്ന തുക കണക്കാക്കിയാല്‍ നാം ഞെട്ടും...!?

Saturday, March 7, 2009

ജന്മദിനം

വാവ,എന്റെശരീരത്തിന്റെ ഭാഗമായി എട്ടുമാസമുള്ളപ്പോളാണ് നാട്ടിലേക്കു യാത്ര. അതില്‍ കൂടുതലാവാന്‍ ഗഗന യാത്രാ ശകടങ്ങള്‍ അനുവദിക്കാറില്ല. ആകാശത്തു വെച്ച് എണ്ണം കൂടിയാലോ!! പിന്നെ ഫ്രീ ടിക്കറ്റൊക്കെ തരണ്ടേ, അതൊക്കെ വലിയ തൊന്തരവല്ലേ. അന്ന് നെടുംബാശ്ശേരി ഇല്ല, തിരോന്തോരമാണ്. പിന്നെ 5 മണിക്കൂര്‍ കാറില്‍. കാലെല്ലാം നീരുവന്ന് മന്തുപോലായി. പിറ്റേന്ന്, ബംഗലൂരു വരെ ട്രെയിനില്‍.. സഹോദരന്റെ വിവാഹം അവിടെ വെച്ചായിരുന്നു. രണ്ടു ദിവസത്തിന് ശേഷം തിരിച്ചു നാട്ടിലേക്ക്.. പിന്നെ കല്യാണ വിരുന്നുകള്‍...മറ്റു തിരക്കുകള്‍...ചുരുക്കത്തില്‍, ഇതൊക്കെ കഴിഞ്ഞു വന്നപ്പോളേക്കും ഒരു പരുവമായി.
ബഹളങ്ങളൊക്കെ കഴിഞ്ഞ് ഉമ്മയുമായി തനിച്ചൊരു സായാഹ്നം. അപ്പു മുറ്റത്ത് കളിക്കുന്നു. “മോളെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ.. അനക്കമൊക്കെ തോന്നുന്നുണ്ടോ” ഉമ്മയുടെ ചോദ്യം.
അപ്പൊഴാണ് ശ്രദ്ധിച്ചത്.. രാവിലെ മുതല്‍ വലിയ ബഹളമൊന്നുമില്ല. സംശയം തീര്‍ത്തു കളയാം, ഡോക്റ്ററെ ഒന്നു കറക്കി.. ഉടന്‍ കല്‍പ്പന കിട്ടി, അവിടെ വരെ ചെല്ലാന്‍.
പരിശോധനകള്‍ നീളുന്നു.. മുഖം എന്തോ അത്ര പന്തിയല്ല! ഉടനെ അഡ്മിറ്റാക്കി. പിന്നെ ആ കയ്യിലും ഈ കയ്യിലും കുഴലുകള്‍... ഒരു യുദ്ധകാലാടിസ്ഥാന സ്ന്നാഹങ്ങള്‍. പല മരുന്നുകളും, അമിനോ ആസിഡുമെല്ലാം ധമനികളിലൂടെ ഒഴുകി. സമയം ഇഴയുന്നു.. പതുക്കെ, പതുക്കെ അനക്കം തോന്നുന്നൊ? മിനിറ്റു വെച്ച് അതു ചെക്ക് ചെയ്യാന്‍ ഒരു ഡോക്റ്റര്‍ അരികില്‍ തന്നെ ഉണ്ട്. ഓഹ്!! മയങ്ങിത്തുടങ്ങിയ ജീവന്‍ തിരികെ സ്പന്ദിക്കാന്‍ തുടങ്ങി,ആശ്വാസം!! ആ കാര്യങ്ങള്‍ ഇന്നും ഒരു ഞെട്ടലായി മനസ്സില്‍ അവശേഷിക്കുന്നു.
ഒരാഴ്ച്ച പിന്നെയും ആശുപത്രിയില്‍.പിന്നെ നീണ്ട വിശ്രമം വീട്ടില്‍.
ഒടുവില്‍.. 1995 മാര്‍ച്ച് 7 വാവയുടെ ജന്മദിനമായി. അതും മറ്റൊരു സര്‍ജിക്കല്‍ വണ്ടര്‍!!വളരെ കുറഞ്ഞ തൂക്കത്തില്‍ ഒരു പൂച്ചക്കുഞ്ഞുപോലെ അവന്‍ ഭൂമിയിലെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു!!

വാവ ജനിച്ച് രണ്ട് ദിവസമുള്ളപ്പോള്‍.
പണിയെടുക്കുമ്പോള്‍ കൂടെ വരാതിരിക്കാന്‍ പിടിച്ച് ഇരുത്തുന്നതയിരുന്നു. കുറച്ചുനേരം ഇരുന്ന് കളിക്കും, പിന്നെ ബോറടിക്കും, ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ ഉറക്കവും... കുസൃതിക്കുരുന്നിന്റെ പലഭാവങ്ങള്‍!!
ടീനേജ്കാരനായ വാവ
ഇന്ന് വാവയ്ക്ക് 14 വയസ്സു തികയുന്നു.
വയസ്സെത്ര കൂടിയാലും അവനെന്നും ഞങ്ങളുടെ വാവ.
മൂത്തയാള്‍ അപ്പു, അവനാണ് മാര്‍ച്ച് മാസത്തിലെ ആദ്യത്തെ അനുഗ്രഹം. 2009 മാര്‍ച്ച് 26ന് അവന് 22 വയസ്സാകും.
ജീവിതത്തിലെ പടവുകളേറാന്‍...വിഘ്നങ്ങള്‍ തരണം ചെയ്തു മുന്നേറാന്‍...എല്ലാത്തിനുമുപരി,നല്ല മനുഷ്യരാവാന്‍ ഒരുപാടൊരുപാട് ആശംസകളും പ്രാര്‍ത്ഥനകളും...മക്കളേ നിങ്ങള്‍ക്കായി.
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ.

തറവാടി said...
ജന്മദിനാശംസകള്‍ :)തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണീ
March 6, 2009 10:23 PM
B Shihab said...
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ
March 7, 2009 12:35 AM

Tuesday, February 24, 2009

How can we make .........???

പ്രവാസ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഉപജീവന മാര്‍ഗം അദ്ധ്യാപക വൃത്തിയായിരുന്നു. അന്ന് ഇവിടത്തെ അദ്ധ്യാപകരുടെ വേതന വ്യവസ്ഥിതിയെപ്പറ്റി പറയാതിരിക്കുന്നതാവും ഭേദം( ഇന്നും വളരെ വ്യത്യസ്തമൊന്നുമല്ലെങ്കിലും).അതുകൊണ്ടാ‍ണ് ഇഷ്ടപ്പെട്ട ഒരു ജോലിയായിട്ടും മനസ്സില്ലാമനസ്സോടെ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നതും :( :(
ഒന്‍പത്, പത്ത്, +2 ഇതായിരുന്നു ക്ലാസ്സ്. വിഷയം ജീവശാസ്ത്രം.

പ്രീ ഡിഗ്രി കഴിഞ്ഞ് പിന്നെയും അഞ്ചുകൊല്ലം പട വെട്ടി, കഷ്ടപ്പെട്ട് മാസ്റ്റര്‍ ബിരുദം ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും, നോം സാ‍ധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കയറ്റി അയക്കുന്ന { Freight Forwarding ( cargo)} കമ്പനിയില്‍പണി ചെയ്യുന്നു!! അത് ഗല്‍ഫ് കാരന്റെ വേറെ ഒരു വിധി..

പോട്ടെ.... അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്താ?? ഓ... ടീച്ചര്‍ ജോലി...
അന്നത്തെ ക്ലാസ്സ് ഒന്‍പതിലായിരുന്നു. മുഴുവന്‍ ആണ്‍‍ കുട്ടികളാണ്. ( ഗള്‍‍ഫില്‍ ഇന്നും സ്കൂളില്‍ കോ എഡ്ജ്യുകേഷന്‍ മഹാപരാധം!!)

അന്ന് ഇന്നത്തെപ്പോലെ ബജറ്റ് എയര്‍ലയിനൊന്നുമില്ല. ഇന്ത്യന്‍ പ്രവാസികളുടെ ചോരയൂറ്റിക്കുടിച്ചു വീര്‍ക്കാന്‍ ഒരു എയര്‍ ഇന്ത്യ മാത്രം. സാധാരനക്കാരായ ഫാമിലികള്‍ നാട്ടില്‍ പോകുന്നത് രണ്ടോ മൂന്നോ കൊല്ലത്തിലൊരിക്കലാണ്. അതും മലയാളികള്‍. പാക്കിസ്ഥാനികളൊക്കെ അഞ്ചും ആറും കൊല്ലമൊക്കെ കഴിഞ്ഞാണ് നാടുകാണുന്നത്.
ജനിച്ചിട്ട് ഇന്നുവരെ നാടു കാണാത്ത് കുട്ടികള്‍ വരെയുണ്ടായിരുന്നു ക്ലാസ്സില്‍. മജോറിറ്റിയും പാക്കിസ്ഥാനികളാണ്. നാട് കാണാനും മണ്ണിന്റെ, മഴയുടെ ഗന്ധമറിയാനും ഭാഗ്യം കിട്ടാത്ത കുറെ പാവങ്ങള്‍!
food adulteration - നെ ( മായം ചേര്‍ക്കല്‍) ക്കുറിച്ചായിരുന്നു അന്ന് പഠിപ്പിച്ചത്. മായം ചേര്‍ക്കലിന്റെ വിവിധ മേഖലകളെക്കുറിച്ച് കാര്യമായി വിശദീകരിച്ചു. പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള ഉപകരണമാണ് ലാക്റ്റൊമീറ്റര്‍ - മായം ചേര്‍ക്കുന്നവരെ അങ്ങനെ കണ്ടെത്താം എന്നൊക്കെ ഞാന്‍ വചാലയായി.

പ്രസംഗം നിര്‍ത്തി കുട്ടികളെ നോക്കിയപ്പോള്‍ പലര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍!

ഒരുത്തന്‍ എണീറ്റു,വളരെ സങ്കൊചത്തോടെ. ടീച്ചറിനു തെറ്റുപറ്റിയതാണൊ എന്ന ഒരു ശങ്കയില്‍ ചോദ്യം വന്നു....

“Teacher...How can we make milk without adding water???!!!!!!!!”

വെള്ളം ചേര്‍ക്കാതെ എങ്ങനെയാ പാലുണ്ടാക്കുകയെന്ന് :( :( :(

പാല്‍പ്പൊടിയില്‍ വെള്ളം ചേര്‍ത്ത് പാലുണ്ടാക്കുന്നതല്ലാതെ യഥാര്‍ത്ഥ പാല്‍ എന്തെന്ന് അവന്‍ കണ്ടിട്ടില്ല!! അതായിരുന്നു അവരുടെ കണ്‍ഫ്യൂഷന്‍!!!

(അന്ന് ഇന്നത്തെപ്പോലെ ഫ്രഷ് മില്‍ക്ക് ഒന്നും സുലഭമായിരുന്നില്ല. ഒരു പതിനെട്ടു കൊല്ലം പിന്നിലാണേ..)

നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ വളരുന്ന കുട്ടികള്‍ സുകൃതം ചെയ്തവര്‍ തന്നെ. യാതൊരു സംശയവും വെണ്ട.

സ്ലം ഡോഗ് മില്യനേയര്‍: ഒരു യഥാര്‍ത്ഥ ചിത്രം !!

ബൂലോഗരെ...

സ്ലം ഡോഗ് മില്യനേയര്‍ - തെരുവു പട്ടി കോടീശ്വരന്‍
ചര്‍ച്ചകള്‍, ഭൂലോഗത്തും മാലോകത്തും, ഈ കൊച്ചു ബൂലോഗത്തും പൊടി പൊടിച്ച് തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴൊന്നും അവസാനിക്കുന്ന മട്ട് കാ‍ണുന്നില്ല.

ഈ സിനിമയ്ക്കു ശേഷം ചിലരുടെ മനസ്സിലെകിലും ഒരു ചിന്ത ഇല്ലാതില്ല, ഇതൊക്കെ യാഥാ‍ര്‍ത്ഥ്യമാകാമെന്ന്. ഇല്ല കൂട്ടരേ, സ്ലം ഡോഗ്, എന്നും സ്ലം ഡോഗ് തന്നെ. യാതൊരു മാറ്റവും പ്രതീക്ഷിക്കാനില്ല.
അവനോ, അവളോ, ഒരിക്കലും ഉയരങ്ങളില്‍ എത്താറില്ല.
കോരനെന്നും കഞ്ഞി കുമ്പിളില്‍ തന്നെ....

അധോലോകങ്ങളുടെ അകത്തളങ്ങളില്‍ രാജക്കന്മാരായോ, ചുവന്ന തെരുവു ഗലികളുടെ റാണിമാരായോ വാഴുമായിരിക്കാം. പക്ഷേ...മുഖ്യധാരയിലെത്തുന്നവര്‍ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അപൂര്‍വം.

ഇതൊന്നു കണ്ടു നോക്കൂ...


അവന്റെ മുഖത്തെ നിഷ്കളങ്കത, ആ ചിരിയുടെ ഓമനത്തം നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഒരു നൊമ്പരമുണര്‍ത്തുന്നില്ലേ..

ആദ്യത്തെ വരവിന് അവനെ( രവി) കണ്ട സായിപ്പ് അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മുംബയിലെത്തിയപ്പോള്‍ അവനെ തേടിപ്പിടിച്ച് കണ്ടെത്തിയപ്പോഴും തൊഴില്‍ പഴയതു തന്നെ, മാറ്റമൊന്നുമില്ല.


ശരിയായ വിദ്യാഭ്യാസത്തിനുപോലും നിവൃത്തിയില്ലാതെ, തെരുവിന്റെ മകനായി രവി അന്നന്നത്തെ ഭക്ഷണത്തിനുള്ള വകക്കായി വിശറി വില്‍ക്കുന്നു, അമ്മൂമ്മയൊടൊപ്പം!!

Saturday, February 21, 2009

യു.എ.ഇ. ബ്ലോഗ് സംഗമം 2009

അയല്‍ക്കൂട്ടത്തിന്റെ വടം വലി

എല്ലാവരും ബ്ലോഗ് മീറ്റിന്റെ ഫോട്ടോസ് ഇട്ടപ്പോള്‍ ഒരു ചെറിയ പൂതി എനിക്കും.ഷംസു എടുത്ത വളരെക്കുറച്ചു ചിത്രങ്ങള്‍ തുണയായി. ഈ വെള്ളിയാഴ്ച്ച ഡ്യൂ‍ട്ടി ആയിരുന്നതിനാല്‍ ആള്‍ എത്താന്‍ വൈകി. പിന്നെ മീറ്റില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചു കളി ആയിരുന്നല്ലോ. അതിനു തെളിവായി ദേവന്റെ പോസ്റ്റ് കണ്ടല്ലോ. പിന്നെ പുതിയ ശിഷ്യനായ സിദ്ധാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന്റെ ഒരു ശ്രമവും.

വിശാലമനസ്ക്ക കുടുംബം.ഒരു മുഖം വിവിധ ഭാവങ്ങള്‍!!!
ഇതിന് ഏറ്റവും നല്ല അടിക്കുറിപ്പ് എഴുതുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ സമ്മാനം
ഫാമിലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
പൊതുവാളിന്റെ ഫോട്ടോ പിടിത്തം കൈപ്പള്ളിയുടെ അതീന്ദ്രിയജാലം

കരീം മാഷുമൊത്ത്..
ഇതാരാ സൂപ്പര്‍ സ്റ്റാര്‍!! പക്ഷേ മീശ കറുപ്പിക്കാന്‍ തിരക്കിനിടയില്‍ മറന്നു...ഫോട്ടോഷോപ്പില്‍ കറുപ്പിക്കണ്ട എന്നു ഞാനും വെച്ചു. അങ്ങനെ അധികം ചുള്ളനാവണ്ട.

ബ്ലോഗിലെ താരങ്ങളോടൊപ്പം.

മര്യാദക്കാരന്‍ കുറുവും, കണ്ണാടിക്കാരന്‍ വിശാലനും( മൂപ്പര്‍ക്ക് മമ്മൂ‍ട്ടിയെപ്പോലെ കൂളിങ് ഗ്ലാസ്സ് ഒരു വീക്നെസ്സ് ആണേ.. ക്ഷമിക്ക്) ഷംസുവിനും ഒപ്പം.

താഴത്തെ ഫോട്ടോയില്‍ കൂടെ രശ്മിയും.

Friday, February 20, 2009

ബ്ലോഗര്‍മാരുടെ ലിസ്റ്റ്

അങ്ങനെ 2009ലെ ആദ്യത്തെ മീറ്റിന് കര്‍ട്ടന്‍ വീണു.

മാലോകരാരെങ്കിലും തുനിഞ്ഞിറങ്ങി ഒരു യു. എ. ഇ ബ്ലോഗ്ഗേര്‍സ് ലിസ്റ്റും കോണ്ടാക്റ്റ് നമ്പറും ഒക്കെ ഒന്നുണ്ടാക്കിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരു ഉപകാരമാവും.

എന്താ നിങ്ങളുടെ ഒരു അഭിപ്രായം....

Saturday, February 7, 2009

ഒന്നു വിശദീകരിക്കാമോ?!

ഇതൊരു കഥയല്ല, നടന്ന സംഭവം മാത്രം. സരസനായിരുന്നു ബീരാനിക്ക... എല്ലാത്തിനും മൂപ്പര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാകും. മറ്റുള്ളവര്‍ക്കത് ശരിയോ തെറ്റോ?? പുള്ളിക്കാരനത് പ്രശ്നമേ അല്ല്ല. ആളൊരു പരോപകാരിതന്നെ. പരോപകാരം അധികമായി, സ്വയം പ്രശ്നങ്ങളില്‍ ചെന്ന് ചാടിയ സംഭവങ്ങളും ധാരാളം. ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം ബീഫ് വരട്ടിയത്. അത് എത്ര കിട്ടിയാലും തട്ടും.
പിന്നെങ്ങനെ ഹാര്‍ട്ട് പണി മുടക്കാതിരിക്കും?? ഒരു ദിവസം അതു സംഭവിച്ചു... ജോലിസ്ഥലത്തു വെച്ചുണ്ടായ കഠിനമായ നെഞ്ചു വേദനയെത്തുടര്‍ന്ന് പെട്ടെന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്ഷപ്പെടാന്‍ ചാന്‍സ് വളരെ കുറവ്.. എന്നാലും ഉടന്‍ ഒരു ഓപ്പറേഷന്‍ നടത്തി നോക്കാം ഡോക്ടര്‍ ചാന്‍സെടുത്തു. അതിനുള്ള തയ്യാറെടുപ്പുകള്‍ ധൃതിയില്‍..... പിറ്റേന്നു തന്നെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും നടന്നു. സിവിയര്‍ ബ്ലോക്ക് മൂന്ന്!! മഹാന്മാരല്ലാത്തവ വേറെയും. എന്നാലും ഒരു മിറാക്കിള്‍ സംഭവിച്ചു. ഓപ്പറേഷന്‍ സക്സസ്സ്. കൂടെ നിന്നവര്‍ ശ്വാസം നേരെ വിട്ടു.

ആളെ C.C.U വിലേക്ക് മാറ്റി. ആദ്യത്തെ ദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രണ്ടാം ദിവസം രാത്രി കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഡോക്ടര്‍ പാഞ്ഞെത്തി, ഉടന്‍ തിയേറ്ററിലേക്ക്. കുത്തിക്കെട്ടി വെച്ചത് വീണ്ടും തുറന്നു. നാല്പത്തെട്ട് മണിക്കൂറിനുളള്ളില്‍ രണ്ട് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി!!
എന്തിനധികം.. ആയുസ്സിന്റെ ബലം അത്രയ്ക്കായതു കൊണ്ട് ബീരാനിക്ക വളരെ കൂളായി ആ ആപത്തും തരണം ചെയ്തു. രണ്ടാഴ്ച്ചക്കു ശേഷം ആശുപത്രിയും വിട്ടു.
മരണത്തെ മുഖാമുഖം കണ്ടു തിരിച്ചെത്തിയതല്ലേ.. ഇനി അടുത്തൊന്നും കാലന്‍ തന്നെ തിരിഞ്ഞു നോക്കില്ലെന്ന് മൂപ്പരങ്ങു തീരുമാനിച്ചു.
ജീവിതം ആഘോഷം.. മരുന്നുകള്‍ ഒരു പിടി ഉണ്ട്. ഭക്ഷണത്തിനു നിയന്ത്രണവും. രണ്ടാമത്തേത് മൂപ്പര്‍ സൌകര്യപൂര്‍വം ഒഴിവാക്കി. ഇഷ്ടമുള്ളതൊക്കെ കഴിക്കും. വീട്ടില്‍ നിയന്ത്രണം കഠിനം... പക്ഷേ കക്ഷി വേണ്ടത് പുറത്തു നിന്ന് തട്ടും!
ആള് ഭക്തനാണ്, ഒരു നേരവും നമസ്ക്കാരം മുടക്കില്ല. ഒരു ദിവസം വൈകുന്നേരം ബീരാനിക്ക വീട്ടില്‍ വന്നു. എന്നു വരുമ്പോഴും കഥകള്‍ ഒരുപാടുണ്ടാകും പറയാന്‍... അന്നും വ്യത്യസ്തമായിരുന്നില്ല . ഒരുപാട് വിശേഷങ്ങള്‍‍ക്ക് ശേഷം മൂപ്പര്‍ പറഞ്ഞു തുടങ്ങി.

“അതേയ്.. കഴിഞ്ഞ വെള്ളിയാഴ്ച്ച വളരെ രസകരമായ ഒരു സംഭവമുണ്ടായി... മഗരിബ് നമസ്ക്കാരം കഴിഞ്ഞപ്പോള്‍ ഒരു ക്ഷീണം പോലെ... പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പോയില്ല... മുസല്ല്ലയില്‍്‍ തന്നെ കിടന്ന് ഒന്നു മയങ്ങി. അപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു....... നാട്ടിലെ പള്ളി.. . ഒഴിവ് ദിവസങ്ങളില്‍ അസര്‍ നമസ്ക്കാരം കഴിഞ്ഞ് ഒരു ചായക്കു ശേഷം കൂട്ടുകാരുമായി പള്ളിമുറ്റത്ത് ഒത്തു കൂ‍ടുന്ന ഒരു പതിവ് ഉണ്ടായിരുന്നു. കുറച്ചു നേരം വെടിപറഞ്ഞിരുന്ന് മഗരിബിനു ശേഷം തിരിച്ചു പോരും. അന്നും പള്ളിയില്‍ എത്തിയതാണ്. പള്ളി മുറ്റത്തെ മാവിന്‍ ചുവട്ടില്‍ രണ്ട് ബെഞ്ചിട്ടിട്ടുണ്ട്. അതിലിരിക്കുന്നു കൂട്ടുകാര്‍ ഉസ്മാനും, മമ്മതും, റസാക്കും( മൂന്ന് പേരും മയ്യത്തായിട്ട് വര്‍ഷം നാല് കഴിഞ്ഞു). അവരെങ്ങനെ ഇപ്പോള്‍ ഇവിടെ?!
പള്ളിയുടെ ഗെയിറ്റ് കടന്നപ്പോള്‍ കണ്ടു, പിന്നിലെ വഴിയിലൂടെ കയറി വന്ന ജമാലിനെ. രണ്ടു പേരും ഒപ്പമെത്തി.ഒരാള്‍ക്കിരിക്കാനേ സ്ഥലമുള്ളൂ. ഞാന്‍ പറഞ്ഞു “ ജമാലിരുന്നോളൂ ഞാനിവിടെ നിന്നോളാം, എല്ലാരേം കാണാലോ..”
“നീയിരി ബീരാനേ” ജമാല്‍ നിരസിച്ചു...
എന്തോ ഇരിക്കാന്‍ തോന്നിയില്ല. ജമാലിനെ നിര്‍ബന്ധിച്ച് ആ ബെഞ്ചിലിരുത്തി. പല ലോക കാര്യങ്ങളും ചര്‍ച്ചക്ക് വിഷയമായി‍. നേരം കുറച്ച് കഴിഞ്ഞു. ഞാന്‍ നില്‍ക്കുന്നതില്‍ വിഷമം തോന്നിയിട്ടാവാം ഉസ്മാന്‍ പറഞ്ഞു.. “കുറേ നേരമായില്ലെ ബീരാനേ നീ നിക്ക്ണ്, ദേ ഇബിടെ ഇരി. ” ഇത്തിരി സ്ഥലമുണ്ടാക്കി മൂപ്പര്‍ എന്നെ പിടിച്ച് ഇടയില്‍ ഞെരുക്കി ഇരുത്തി.

അല്‍പ്പ സമയത്തിനു ശേഷം മഗരിബ് ബാങ്ക് കേട്ടു.. അന്നത്തെ വെടിപറച്ചിലിന് വിരാമമായി.”

“ ബാപ്പാ.. ബാപ്പാ“.. മകന്റെ വിളികേട്ടാണ് നമസ്ക്കാരപ്പായിലെ ചെറുമയക്കം വിട്ടെണീറ്റു നോക്കിയപ്പോള്‍ അവന്റെ മുഖത്തൊരു വിഷാ‍ദം....എന്തോ പറയാന്‍ വിഷമിക്കുന്നതു പോലെ.
“എന്തു പറ്റി മോനേ??“

“അത്.. അത്.. ഇപ്പോള്‍ കൊച്ചാപ്പ വിളിച്ചിരുന്നു നാട്ടീന്. നമ്മുടെ ജമാലിക്ക മരിച്ചു.. ഇന്നുച്ചക്ക് ഹാര്‍ട്ട് അറ്റാക്കായിരുന്നു. ‍”
ഉള്ളില്‍ ഒരു നടുക്കം!!!! ഇപ്പോള്‍ത്തന്നെ സ്വപ്നത്തില്‍ കണ്ടത്!!!!!!!!!!

ഇതു വിവരിച്ച് ബീരാനിക്ക ഞങ്ങളോട് പറഞ്ഞു.

“ പടച്ചവന്‍ കാത്തു.. അസ്രായീല് എന്റെ റൂഹ് പിടിക്കാന്‍ എത്ത്യേനെ. ജമാലിനെ നിര്‍ബന്ധിച്ച് ഇരുത്തിയതിനാല്‍ ഞാന്‍ രക്ഷപെട്ടു! ഇനി അടുത്തൊന്നും ഞാന്‍ ചാവില്ല.”

ഇതും പറഞ്ഞ് മൂപ്പര്‍ ഒരു ചിരി പാസ്സാക്കി.

ഇക്കയുടെ സ്വപ്നവലയത്തില്‍ നിന്ന് പുറത്തു കടന്ന് ഞങ്ങളും ഇരുന്നു.

അന്ന് ബീരാനിക്ക പോയത് വളരെ വൈകിയാണ്... ഫ്രിഡ്ജിലിരുന്ന ബീഫ് കറിയും പൊറോട്ടയും ഒട്ടും ബാക്കി വെക്കാതെ മുഴുവനും കഴിച്ച് തീര്‍ത്തതിനു ശേഷം...

നിര്‍ത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ് പിറ്റേന്ന് ഉറക്കമുണര്‍ന്നത്....
അങ്ങേതലക്കല്‍ അമ്മായി... “ മോളേ... നമ്മുടെ ബീരാനിക്ക് മരിച്ചു... രാത്രി ഉറക്കത്തിലായിരുന്നു...”
തരിച്ചിരുന്നുപോയി....

പിന്നെ ഓര്‍മ വന്നത് ബീരാനിക്കയുടെ സ്വപ്നമായിരുന്നു.
എന്തിനാ ആ പഹയന്മാര്‍ ഇത്തിരി സ്ഥലമുണ്ടാക്കി മൂപ്പരെ പിടിച്ച് ബെഞ്ചിലിരുത്തിയത്?!!

Thursday, February 5, 2009

നരകത്തിലെ കോഴി

“എന്താ ഉമ്മച്ചി ഈ ഗ്രില്‍ഡ് ചിക്കനെ എല്ലാവരും നരകത്തിലെ കോഴീന്നു പറയുന്നേ?”
ഒരു ദിവസം വാവയുടെ ചോദ്യം..

“ അതു മോനേ... നമ്മളെല്ലാം മരിച്ചു കഴിഞ്ഞാല്‍ പാപം ചെയ്തവരെ പടച്ചവന്‍ ശിക്ഷിക്കുന്നത് ഇങ്ങനെയാണ്. നരകത്തീയില്‍ ഇതുപോലെ കറക്കും.. തൊലിയെല്ലം കരിഞ്ഞു പോകും. അപ്പോള്‍ വീണ്ടും തൊലി വരും. പിന്നെ അതും കരിയും.....”

വാവ ഒരു നിമിഷം ചിന്തിച്ചിരിക്കുന്നതു കണ്ടു.

ഇതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങളുടെ ഒരു ബന്ധു. മൂപ്പര്‍ വാവയെ ആശ്വസിപ്പിച്ചു...

“ വാവേ.. നീ വിഷമിക്കണ്ടട്ടോ.. താഴത്തെയും മുകളിലത്തേയും കമ്പിയിലായി ഞങ്ങളൊക്കെ ഉണ്ടാകും. നമുക്ക് കൊചു വര്‍ത്തമാനവും, തമാശയുമൊക്കീ പറഞ്ഞു കിടക്കാം.”

അവന് ആശ്വാസം ആയെന്നു തോന്നുന്നു.

ഈ ബന്ധു ഒരു ഉപകഥകൂടി പറഞ്ഞു..

പുള്ളിക്കാരനൊരു കസിനുണ്ട്. ഭയങ്കര ഭക്തിയാണ്.. അതു മാത്രം ചിന്തയായി നടക്കുന്ന ഒരു കക്ഷി. ( തെറ്റിദ്ധരിക്കല്ലേ.. ഭക്തി എല്ലവര്‍ക്കും അത്യാവശ്യം വേണ്ടതണെന്നു വിശ്വസിക്കുന്ന ഒരാളാണു ഈ ഞാന്‍.. വല്ലാതെ കൂടിപ്പോകരുതെന്നു മാത്രം)

ഈ കസിനോട് ഇവര്‍ പറയുമത്രെ..

“എടാ.. നീ ഇങ്ങനെ ഒക്കെ നടന്നാല്‍ എന്തായാലും സ്വര്‍ഗത്തിലേ പോകൂ. ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ നിനക്കു ഭയങ്കര ഏകാന്തത ആയിരിക്കും.. ആരും കൂട്ടിനുണ്ടാവില്ല. താഴെ ഞങ്ങളെല്ലാം കിടന്നു അര്‍മാദിച്ചു ( വിശാലനോട് കടപ്പാട്) രസിക്കുമ്പോള്‍ നിനക്കു തോന്നും.. ഒന്നും വേണ്ടിയിരുന്നില്ലെന്ന്” ...

നോക്കണേ...ഓരോരുത്തന്മാരുടെ ഉപദേശം!!!
മനുഷ്യന്‍ നന്നാവനും സമ്മതിക്കില്ല...

ഈ ഉപദേശം കേട്ട് പുള്ളിക്കാരന്‍ ഭക്തി വെടിഞ്ഞോ എന്നറിയില്ല...

Friday, January 16, 2009

ചരിത്രത്താളുകളിലേക്ക് ഒരു കുറ്റസമ്മതം.‍..

കുറ്റസമതങ്ങള്‍..... എത്രയോ എണ്ണം നാം കേട്ടിരിക്കുന്നു.. ഇനിയും കേള്‍ക്കാനിരിക്കുന്നു.

കഴിഞ്ഞ ദിവസം സാക്ഷാല്‍ ‘ബുഷി”ന്റെ ഒരു കുറ്റസമ്മതവും നാം കേട്ടു. മൂപ്പരുടെ ഭരണകാ‍ലത്ത് പല തെറ്റുകളും ചെയ്തു പോയിട്ടുണ്ടത്രെ!!

ഇറാക്കില്‍ ജൈവായുധ ശേഖരമുണ്ടെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത മറ്റൊരു തെറ്റായ തീരുമാനമായിരുന്നത്രേ ഇറാക്ക് യുദ്ധം!!! എത്ര ചെറിയ തീരുമാനങ്ങള്‍ അല്ലേ??

ഭരണകാലത്തെ രണ്ട് യുദ്ധങ്ങളില്‍ പതിനായിരങ്ങളെ കൊന്ന്, അതിലുമെത്രയോ ഇരട്ടി പേരെ കണ്ണുനീരിലാഴ്ത്തി, ലോ‍കം മുഴുവന്‍ വിനാശം വിതച്ച ഒരു കഴുകന്റെ വൃത്തികെട്ട ആ കുറ്റസമ്മതത്തിന് ഇനിയെന്ത് പ്രസക്തി??

പറയാന്‍ വന്നത് ഇതൊന്നുമല്ല . . . . . .
ഒരു കഥ.. പല കഥകള്‍ കൂടിയ ഒരു വലിയ കഥ.
എന്നാല്‍ കഥയാണോ എന്നു ചോദിച്ചാല്‍, ആണൊ? അല്ല . . . .
പരമാര്‍ത്ഥങ്ങള്‍.. പച്ചയായ പരമാര്‍ത്ഥങ്ങള്‍.......

It is......

"The shocking inside story of how America REALLY took over the world"

ഒരു EHM ന്റെ കുറ്റസമ്മതം.....“CONFESSIONS OF AN ECONOMIC HIT MAN ”.
മുന്‍പ് പറഞ്ഞ പോലെ ഇതൊരു കുറ്റസമ്മതമാണ്, ചരിത്രത്താളുകളിലേക്ക് ചേക്കേറുന്ന ഒരു കുറ്റസമ്മതം.

Mr. John Perkins എന്ന EHM ന്റെ കുറ്റസമ്മതം.

പല തരത്തിലുള്ള സമ്മര്‍ദ്ധങ്ങള്‍ അദ്ദേഹത്തിന് അതി ജീവിക്കേണ്ടി വന്നിട്ടുണ്ട് ഇങ്ങനെയൊരു പുസ്ത്കം പ്രസിദ്ധീകരിക്കാന്‍.. ജീവനു തന്നെ ഭീഷണി നിലനിന്നിരുന്നു. പല പ്രസാ‍ധകര്‍ക്കും ധൈര്യം തന്നെ ഉണ്ടായിരുന്നില്ല ഇതു പ്രസിദ്ധീകരിക്കാന്‍....

പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം തന്നെ ഇതെക്കുറിച്ച് പറയുന്നുണ്ട് വിശദമായി...

He writes...." What finally convinced me to ignore the threats and bribes?
The short answer is that my only cjild, Jessica, graduated from college and went out into the world of her own. When I recently told her that I was considering publishing this book and shared my fears with her, she said - Don't worry, Dad. If they get you, I 'll take over where you left off. We need to do this for the grandchildren I hope to give you some day! - That is the short answer"

It's " A true, powerful revealing and bone chilling story"

തെറ്റിദ്ധരിക്കല്ലേ.. ഇതൊരു കഥയല്ല.

ഈ പോസ്റ്റ് ഒരു book review അല്ല. വായിച്ചപ്പോള്‍ മനസ്സിലൊരു കനലായാത് പലരുമായും പങ്കു വെച്ചാല്‍ നല്ലത് എന്നു തോന്നിയതുകൊണ്ട്, എഴുതി എന്നു മാത്രം.

What is an EHM?

"Economic Hit Men (EHMs)are highly paid professionals who cheat countries around the globe out of trillions of dollars. They funnel money from the World Bank, the US agency for International Developments(USAID), and other foreign "aid" organizations into the coffers of huge corporations and the pockets of a huge wealthy families who control the planet's natural resources. Their tools include fraudulant fnancial reports, rigged elections, payoffs. extortion, sex and murder. They play a game as old as Empire but one that has taken on terrifying dimentions during this time of globalization."

കഴുകന്‍ കണ്ണുകളുമായി മൂന്നാം ലോകരാജ്യങ്ങളുടെ ചുറ്റും ആര്‍ത്തി പൂണ്ട് പറ്ന്നു നടക്കുന്ന ഭൂത ഗണങ്ങള്‍!!
ഏളുപ്പമല്ല, ഇവരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷ നേടുക എന്നത്. കീഴ്പ്പെടുത്താനുള്ള സകല തയ്യാറെടുപ്പുകളുമാ‍യി ഇറങ്ങുന്നവരാണിവര്‍.

പെണ്ണോ, പൊന്നോ, പണമോ , മയക്കുമരുന്നൊ, മറ്റെന്തെങ്കിലുമോ കൊണ്ടുള്ള വശീകരണ മന്ത്രങ്ങള്‍ എല്ലാം തന്നെ ഇവര്‍ക്ക് സ്വായത്തം.

" Confessions of An Economic Hit Man is the story of one man's experiences inside the intrigue, greed, corruption and little- known government and corporate activities that the U.S. have been involved in since World War II. the message is clear, unless these cladestine activities are stopped, they will have dire cosiquences for our future"

"Perkins has ripped open the belly of the financial buccaneers. Here are the real-life details of international corporate skullduggary spun into a tale rivalling the darkest espionage thriller"
ഇതെല്ലാം ഈ പുസ്തകത്തെക്കുറിച്ചുള്ള ചില വിശേഷണങ്ങള്‍ മാത്രം.

Chas. T. main, Inc. ( MAIN) എന്ന അമേരിക്കന്‍ ക്ണ്‍സല്‍ട്ടന്‍സി കമ്പനിയില്‍ ഒരു Economic consultant ആയി കയറി കുറഞ്ഞ കാലയളവില്‍ അതിന്റെ ഏറ്റവ പ്രായം കുറഞ്ഞ Director മാരില്‍ ഒരാളാവാന്‍ കഴിവ് തെളിയിച്ച ആളായിരുന്നു Mr. Perkins.

Why a Sepember 11th in American History? Why Americans are the targets of terrorists attck?
ഓരോ അമേരിക്കക്കാരന്റേയും മന്‍സ്സിനെ അലട്ടുന്ന ചോദ്യമാണ്. അതിനൊരുത്തരം തരും പെര്‍ക്കിന്‍സിന്റെ ഈ പുസ്തകം.

ഇതൊന്നു വായിക്കുക..
നിങ്ങള്‍‍ക്ക് കാണാം.... ചതിയുടെ കാണാക്കുഴികള്‍‍.... ഭരണകൂടങ്ങളുടെ അട്ടിമറികള്‍... കൊലപാതകങ്ങള്‍...
ഇതൊക്കെ തനിയെ സംഭവിക്കുന്നതല്ല.
All are well planned.

എത്രയോ ഭരണാധിപരുടെ, ശാസ്ത്രഞ്ജരുടെ മരണങ്ങള്‍ മുന്‍ കൂട്ടി തീരുമാനിയ്ക്കപ്പെട്ടിരിക്കുന്നു!!!

ഒരു വെടി വെപ്പ് അല്ലെങ്കില്‍ ഒരു ബോംബ് സ്ഫോടനം അതുമല്ലെങ്കില്‍ ഒരു പ്ലെയിന്‍ ക്രാഷ്, സ്ലൊ പൊയ്സനിങ്ങ്.... എല്ലാം പയറ്റുന്നു കരടാവുന്നവരെ ഉന്മൂലനം ചെയ്യാന്‍!!!!!!!

Jaime Roldos President of Equador, Omar Torrijos, President of Panama: Mohammed Mossadegh Prime Ministor of Iran .. ഈ കഴുകന്മാരുടെ വലയില്‍ വീഴാതെ പിടീച്ചു നിന്നതിന്, സ്വന്തം രാജ്യത്തെ, ജനതയെ, ആ കരാള ഹസ്തത്തില്‍ നിന്ന് രക്ഷിക്കന്‍ ശ്രമിച്ചതിന് ജീവന്‍ ബലി അര്‍പ്പിക്കേണ്ടി വന്ന ചിലര്‍ മാത്രം!!!!!

സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി എത്രയോ രാജ്യങ്ങളില്‍ അസ്വസ്ഥതയുടെ വിത്തു വിതച്ചിരിക്കുന്നു.. ആ വിഷ വിത്തിന്റെ അനന്തര ഫലങ്ങളില്‍ ന്ന്നു കരകയറാനാവാതെ ഇന്നും നരകിക്കുന്ന എത്രയോ ജനത.

വിയറ്റ്നാം, ഇന്‍ഡൊനേഷ്യ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, ഇക്വഡോര്‍,പനാമ, വെനീസ്വല,കൊളംബിയ,കുവൈറ്റ്, സൌദി അറേബ്യ... പേരുകള്‍ തീരുന്നില്ല.

ഇതിന്റെയെല്ലാം പിന്നാമ്പുറ കഥകളിലേക്ക് കുറച്ചെങ്കിലും വെളിച്ചം വീശുന്നു Perkins ന്റെ കുറ്റസമ്മതങ്ങള്‍.

വായിക്കുക.. പലയിടത്തും നാം തരിച്ചിരിക്കും. പെട്രൊ ഡോളറിന്റെ സമ്പന്നത അന്ധരാക്കിയ സൌദി, അമേരിക്കക്ക് അടിയറവു പറയേണ്ടി വന്നതെങ്ങനെ? ഇറാനില്‍ നടന്നതെന്ത്?? ഓയിലിനു വേണ്ടി തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ചെയ്തു കൂട്ടുന്നതെന്ത്?

പലതും തുറന്നു പറയുന്നു... Mr. Perkins.

സ്വന്തം ആയുധ, എണ്ണ, കണ്‍സ്ട്രക്ഷന്‍, വൈദ്യുത കമ്പനികള്‍ക്ക് അധികാരം സ്ഥാപിച്ചെടുക്കാന്‍, അതു വഴി പണം നാട്ടിലേക്കൊഴുക്കി, ഈ രാജ്യങ്ങളെയെല്ലാം ലോകബാങ്കിന്റെ കടക്കെണിയില്‍ കുടുക്കാന്‍, ഒരോ രാജ്യങ്ങളിലും EHM കളെ അയച്ച്, അവിടത്തെ ഭരണകര്‍ത്താക്കളെ കയ്യിലെടുത്ത് അമേരിക്ക കളിച്ച, കളിച്ചു കൊണ്ണ്ടിരിക്കുന്ന, ഇനിയും കളിച്ചേക്കാവുന്ന കളികളുടെ ഒരു ചെറിയ ചിത്രം Perkins ന്റെ ഈ പുസ്തകം നമുക്കു പകര്‍ന്നു തരും.
പല ഭരണാധികാരികളും അവരുടെ കയ്യിലെ കളിപ്പാ‍വകള്‍ മാത്രം. ചരടുവലിക്കൊപ്പം ആടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍!!!!

ഓരോ EHM നേയും ചെറുപ്പത്തിലേ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് ഇത്തരം കമ്പനികള്‍.

As Mr. Perkins's trainer explains to him " Your job was to encourage world leaders to become part of a vast network that prmotes U.S. commercial interests. In the end, those leaders become ensnared in a web of debt that ensures their loyalty. we can draw on them when ever we desire- to satisfy our political positions by bringing industrial parks, power palants,a nd airports to their people. Thus the owners of U.S. engineering/costruction / oil /energy companies to become fabulously wealthy"

ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്, ശരിയായ looting ആണ്...
ഇനി നടക്കാന്‍ പോകുന്നതും.

ഇതിനെല്ലാം കൂട്ടു നില്‍ക്കാന്‍ ഇടയായതില്‍ സ്വയം കുറ്റബോധം തോന്നി രാജി വെച്ച ശേഷം, Mr.Perkins പരിസ്ഥിതി പ്രവര്‍ത്തനങ്ങളും, എഴുത്തുമായി കഴിയുന്നു.

എന്തുകൊണ്ട് ഇങ്ങനെയൊരു പുസ്തകം??
He says..

" This story must be told becuse only by understnading our past mistakes will be able to take advantage of future opportunities; because 9/11 happend and so did second war in Iraq; because in addition to the three thusand people who died on Sept 11, 2001, at the hands of terrorists another twenty four thousand died from hunger and related causes. In fact, tenty four thousand peple die every single day because they are unable to obtain life-sustaining food. ഇത് തുടരുന്നു...

ഇതിന്റെ തുടര്‍ച്ചയായ മറ്റൊരു പുസ്തകവും അദ്ദേഹത്തിന്റേതായി ഇറങ്ങിക്കഴിഞ്ഞു, " The Secret Histor y of the American Empire"

കൂടുതല്‍ അറിയാന്‍....

www.johnperkins.org
http://www.youtube.com/watch?v=e0JCJ4pIFEw
http://www.youtube.com/watch?v=yTbdnNgqfs8

Sunday, January 11, 2009

എന്റെ ഉമ്മ

ഇത് എന്റെ ഉമ്മ

അദ്ധ്യാപക ജീവിത്തിന്റെ മുക്കാല്‍ സമയവും തന്റെ വിദ്ധ്യാര്‍ത്ഥികള്‍ക്കായി അക്ഷരാര്‍ത്ഥ്ത്തില്‍ ഉഴിഞ്ഞു വെച്ച ബുഷറ ടീച്ചര്‍.

1992-ല്‍ ഏറ്റവും നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതി ശ്രീ ശങ്കര്‍ദയാല്‍ ശര്‍മയില്‍ നിന്നും സ്വീകരിക്കുന്നു.

അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം നടന്ന ഒരു സ്വീകരണച്ചടങ്ങില്‍ ഉമ്മയെ വളരെ അടുത്തറിയാവുന്ന ഒരു വിശിഷ്ട വ്യക്തിയുടെ അനുസ്മരണമിങ്ങനെയായിരുന്നു…..

“അവാര്‍ഡുകള്‍ കൊടുക്കുന്നതും.. കൊടുക്കപ്പെടുന്നതും, കിട്ടുന്നതും, പിടിച്ചു വാങ്ങുന്നതും,നിരസിക്കുന്നതുമെല്ലാം നാം കേള്‍ക്കാറുണ്ട്… കാണാറുണ്ട്. അതിന്റെ കോലാഹലങ്ങളും പിന്നാമ്പുറ കഥകളുമെല്ലാം നമ്മെ പലപ്പോഴും ലജ്ജിപ്പിക്കാറുമുണ്ട്… എന്നാല്‍ ഇന്ന് ബുഷറ ടീച്ചര്‍ക്ക് ഈ അവാറ്ഡ് ലഭിച്ചതിലൂടെ അവാര്‍ഡ് തന്നെ സ്വയം ബഹുമാനിതമാവുന്ന കാഴ്ച്ചയാണ് ഞാന്‍ കാണുന്നത്….. ഇക്കാലത്ത് തികച്ചും വിരളമായി മാത്രം കാണാവുന്ന ഒന്ന്“

എന്നും ഒരു നിഴല്‍ പോലെ ഉമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടയിരുന്ന എന്റെ കണ്ണില്‍ പൊഴിഞ്ഞ സന്തോഷക്കണ്ണീരിന്റെ ഉപ്പ് ഇപ്പൊഴും എനിക്ക് നാവിലറിയാം.

കേരള ഗവണ്മെന്റ് സര്‍വീസില്‍ പ്രധാന അദ്ധ്യാപികയായ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന ബഹുമതി ബുഷറ ടീച്ചറിനു സ്വന്തം.

അങ്ങേയറ്റം താഴെക്കിടയില്‍ക്കിടന്നിരുന്ന ഒരു ഗവ. ലോവര്‍ പ്രൈമറി സ്കൂളിനെ ജില്ലയിലെ ഏറ്റ്വും നല്ല സ്കൂളാക്കി ഉയര്‍ത്താനും റിട്ടയര്‍ ചെയ്യുന്നതു വരെ അതു നിലനിര്ത്താനുമുള്ള അദ്ധ്വാനം ല്ലറയായിരുന്നില്ല. വളരെ പാവപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന ഇവിടെ അവര്‍ക്കുള്ള ഉച്ച ഭക്ഷണവും, പുസ്തകവും യൂണിഫോമും സൌജന്യമായിരുന്നു. അതിനുള്ള പൈസ ഗവ,. ഗ്രന്റായിരുന്നില്ല, നല്ലവരായ നാട്ടുകാറ്രുടെ സഹകരണമയിരുന്നു. അതിനു പിന്നിലെ ശക്തി ഉമ്മയും. ചിലപ്പോഴൊക്കെ ആ ഉച്ച ഭക്ഷണം മാത്രമായിരുന്നു പല കുട്ടികളുടേയും ഒരു ദിവസത്തെ അന്നം.

ഇത് ഔദ്യൊഗിക ജീവിതതിന്റെ മുഖം. പക്ഷേ വ്യക്തി ജീവിതവും വ്യത്യസ്ഥമായിരുന്നില്ല. സ്വന്തം കാര്യം മറന്നു എന്നും മറ്റുള്ളവര്‍ക്ക് ഉപകാ‍രിയാവുക എന്നായിരുന്നു ജീവിത വ്രതം തന്നെ. എല്ലാത്തിനും ശക്തിയായി, കരുത്തായി, പിന്നില്‍ ഉപ്പയും.

അരോടും പരിഭവമില്ലാ‍തെ, വെറുപ്പില്ലാതെ, എന്നും എല്ലാവര്‍ക്കും സഹായമായി നിലകൊള്ളുന്ന, മക്കളെയും അതിനായി പ്രേരിപ്പിക്കുന്ന രണ്ടു പേര്‍.

ഇനിയുമൊരു ജന്മം ഉണ്ടോ എന്നറിയില്ല……… ഉണ്ടെങ്കില്‍ അതു മനുഷ്യജന്മമാണെങ്കില്‍….ഈ ഉപ്പയുടെയും ഉമ്മയുടെയും മകളായി പിറക്കാന്‍ ഭാഗ്യമുണ്ടകണമെന്ന പ്രാര്‍ത്ഥ്ന മനസ്സിലുറയുന്നു.


കൈക്കുഞ്ഞായി അമ്മയുടെ മടിയില്‍ ഇരിക്കുന്നത് എന്റെ ഉമ്മ,1938-39 തില്‍ എടുത്ത ചിത്രം എന്റെ ഒരു അമൂല്യ സ്വത്താണ്.

ആ ഉമ്മയുടെ കയ്യിലിരിക്കുന്നത് ഞാന്‍


ഉമ്മയുടെ കൂടെ ഇരിക്കുന്നത് എന്റെ മകന്‍ നവീന്‍