നമ്മുടെ രാഷ്ട്രപിതാവിന്റെ ചില സ്വകാര്യ വസ്തുക്കളുടെ ലേലം ന്യുയോര്‍ക്കില്‍ നടക്കുന്നു എന്ന പ്രഖ്യാപനം വന്നതു മുതല്‍ മറവിയുടെ ചാരത്തില്‍ നിന്നും ആ മഹാത്മാവിനെ പത്രങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു.
എന്തായിരുന്നു കോലാഹലം..
ലേലം നടക്കുമോ അതോ ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ലേലത്തില്‍ നിന്നും പിന്മാറുമോ??
ദൈവമേ എന്തെല്ലാം നാടകങ്ങള്‍.
സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കു വിരാമമിട്ടുകൊണ്ട് ദാ വരുന്നു പ്രഖ്യാപനം!
ഒരു പാവം കുഞ്ഞാട്, കള്ളുകച്ചവട കോടീശ്വരന്‍ വിജയ് മല്യ, വെറും 1.8 മില്യന്‍ യു, എസ് ഡോളറിന് ഇവ ലേലം കൊണ്ടു.
നോക്കണേ ഒരു വിരോധാഭാസം!!!
ജീവിച്ചിരുന്ന കാലം മുഴുവന്‍ മദ്യവര്‍ജ്ജനത്തിനായി പൊരുതിയിരുന്ന ബാപ്പുജിയുടെ സ്വകാര്യ വസ്തുക്കള്‍ സ്വന്തമാക്കാന്‍ മദ്യരാജാവ് വേണ്ടി വന്നു, അതാണ് ദയനീയം!
സ്വര്‍ഗരാജ്യത്തിരുന്ന് ഇത് കണ്ട് കണ്ണ് നിറയുന്നുണ്ടാവും ബാപ്പുവിന്.
തുക കുറഞ്ഞു പോയെന്നും പത്തു മില്യനെങ്കിലും കിട്ടേണ്ട്തായിരുന്നെന്നു ഉടമസ്ഥനായിരുന്ന സായിപ്പ് ജേംസ് ഓട്ടിസ്.പുള്ളിക്കാരന്റെ കയ്യില്‍ ഇനിയുമുണ്ടത്രേ പലതും. 1934ല്‍ പച്ച ക്രയോണ്‍ പെന്‍സില്‍ കൊണ്ടെഴുതി, ബാപ്പു എന്ന് ഒപ്പിട്ട ഒരു കത്ത്, മരിക്കുന്നതിന് ഒന്‍പതു ദിവസം മുന്‍പ്മാത്രം ചെയ്ത രക്ത പരിശോധനാ റിപ്പോര്‍ട്ട്, 1924-ല്‍ ബാപ്പുവിനു വന്ന ഒരു ടെലിഗ്രാമിനു പുറത്ത് അദ്ദേഹം മറുപടി കോറിയിട്ടത്.. അങ്ങനെ പലതും.
ലേലം ചെയ്ത വസ്തുക്കള്‍ ആര്‍ക്ക് പോകും, ഇന്ത്യാ ഗവണ്മെന്റിനോ അതോ ലേലം കൊണ്ട ആള്‍ക്കോ? തീരുമാനം യു എസ് ഗവണ്മെന്റിന്റേതാണ്.
ജേംസ് ഓട്ടിസിന്റെ ഉദ്ദേശം പ്രശംസനീയമാണ്. ലേലം ചെയ്തു കിട്ടുന്ന പൈസയില്‍ ഒരണപോലും പുള്ളിയ്ക്കു വേണ്ട. ഇന്ത്യ പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷക്ക് കൂടുതലെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള, ബാപ്പുജിയുടെ മറ്റ് സ്വകാര്യ വസ്തുക്കള്‍ കൂടി തരാന്‍ തയ്യാറാണു താനും.
ശേഷം വെള്ളിത്തിരയില്‍.........
അല്‍പ്പം കൂടി:പട്ടച്ചാരായം കളറുകലക്കി വിദേശ മദ്യം എന്ന പേരില്‍ വില്‍ക്കുന്ന നമ്മുടെ രാജ്യത്ത്...ഈ ദ്രാവക മിശ്രിതം സേവിച്ച് എത്ര പേരാണ് കരളു ദ്രവിച്ച് ജീവിച്ച്-മരിച്ച്-ജീവിക്കുന്നത്, ഇവരുടെ ചികത്സക്ക് കുടുംബത്തിന്-രാഷ്ട്രത്തിന് ചിലവാകുന്ന തുക കണക്കാക്കിയാല്‍ നാം ഞെട്ടും...!?