“മാഡം.. മേം മുലൂക്ക് മെ ധാ. കല്‍ ആയാ. സബ് ലോഗ് ഠീക് ഹെ ഉധര്‍” നാട്ടില്‍ പോയി വന്നതിനു ശേഷം കുശലം പറയാനെത്തിയതാണ് ട്രക്ക് ഡ്രൈവര്‍ നസിറുദ്ദീന്‍...
പാക്കിസ്ഥാനില്‍ പോയി തിരിച്ചു വന്ന് എന്നെ കാണാന്‍ വന്നതാണ്.
“മകനെ കൊണ്ടുവന്നിട്ടുണ്ട് ഇനി ലൈസന്‍സ് എടുപ്പിച്ചു ഈ വണ്ടി ഒക്കെ അവനെ ഏല്‍പ്പിച്ച് മടങ്ങണം. ഇനി പോയാല്‍ തിരിച്ചു വരില്ല മാഡം. മതിയായി, മുപ്പത് കൊല്ലായി ഇവിടെ”
പിന്നെ ഇടക്കിടക്ക് കാണും.. പണി ചെയ്തതിന്റെ കൂലി വാങ്ങാന്‍ വരുമ്പോള്‍.എപ്പോള്‍ ഒഫീസ്സില്‍ വന്നാലും കാണാന്‍ വരും.
മകന്‍ ഇസ്ലാമുദ്ദീന് ലൈസന്‍സ് കിട്ടിയതിന്റെ സന്തൊഷം പങ്കിടാന്‍ ജിലേബിയുമായി വന്നു നസ്രുദ്ദീന്‍. അന്നയാള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. ഒരു ഭാരം ഇറക്കി വെച്ചപോലെ.
പിന്നെ, പണി ഉണ്ടാവുമ്പോള്‍ വന്നിരുന്നത് മകനായിരുന്നു. കാര്യങ്ങള്‍ എല്ലാം പഠിച്ചോ എന്ന ചോദ്യത്തിനു അവന്‍ തലയാട്ടും.
ബാപ്പയെപ്പോലെ തന്നെ മകനും. പണി കൃത്യം.. കൂലിയും മിതം.
പിന്നീട് നസ്രുദ്ദീന്‍ വന്നത് യാത്ര പറയാനായിരുന്നു.
“യെ ജുമാഹ് കാ ദിന്‍ മെം ജായേഗാ മാഡം.. വാപസ് നഹീ അയേഗാ... യാദ് കരേഗാ ആപ്കാ” കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞതിനു ശേഷം ,കിട്ടാനുള്ള പൈസയും വാങ്ങി, യാത്ര പറഞ്ഞ് നസ്രുദ്ദീന്‍ പോയി...
ഞാന്‍ എല്ലാ മംഗളങ്ങളും അയാള്‍ക്ക് നേര്‍ന്നു.
അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു.വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എക്സ്പോര്‍ട്ട് ഡെലിവറി ഡോക്കിനടുത്ത് ഒരാള്‍കൂട്ടം, ആംബുലന്‍സ് വന്നിട്ടുണ്ട്.
ഇടക്കിത് പതിവായതിനാല്‍ കാര്യമാക്കിയില്ല. ചെറിയ അപകടങ്ങള്‍ പതിവാണ് അവിടെ.
പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് വരാന്‍ തയ്യാറാവുമ്പോഴാണ് സഹപ്രവര്‍ത്തകന്റെ ഫോണ്‍..
“മാഡം അറിഞ്ഞില്ലേ.. ഇന്നലെ വൈകീട്ട് കാര്‍ഗോ വില്ലേജില്‍ ഉണ്ടായ ആക്സിഡന്റില്‍ നമ്മുടെ നസ്രുദ്ദീന്റെ മേല്‍ പാലറ്റ് വീണു. മറ്റൊരാളെ, അതിറക്കാന്‍ സഹായിക്കാന്‍ ചെന്നതായിരുന്നു. പാലറ്റ് മറിഞ്ഞു, നെഞ്ചിലാ വീണത്. ഉടന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും കാര്യായില്ല ഇന്ന് രാവിലെ മരിച്ചു!” വിശ്വസിക്കാനായില്ല. തരിച്ചിരുന്നു പോയി.
പിന്നീടറിഞ്ഞു, വണ്ടിയില്‍ ലോഡുമായി വന്നതാണ് നസ്രുദ്ദീന്‍. അപ്പുറത്ത് കണ്ടെയ്നറില്‍ നിന്ന് പാലറ്റുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് അയാള്‍ കണ്ടത് ഒരു പാലറ്റ് മുകളില്‍ നിന്നു മറിഞ്ഞു വീഴാറയിരിക്കുന്നു. വീണാല്‍ താഴെനില്‍ക്കുന്നവന്‍ അടിയിലാവും. ഓടിച്ചെന്നതാ അവനെ രക്ഷിക്കാന്‍...!
ആ വെള്ളിയാഴ്ച്ച, നസ്രുദ്ദീന്‍ നാട്ടിലേക്കു തിരിച്ചു പോയി.. ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്ര. പക്ഷേ.....
ബോഡി കാണാന്‍ പോയില്ല, എനിക്കു കാണണ്ട. നാട്ടിലേക്കു മടങ്ങി പോകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ വന്ന ആ മനുഷ്യന്റെ മുഖത്തെ ആനന്ദം എന്റെ കണ്ണിലുണ്ട്, അതുമതി...
“ഇന്ന് ഞാന്‍ നാളെ നീ, ഇന്ന് ഞാന്‍ നാളെ നീ..
ഇന്നും പ്രതിദ്ധ്വനിയ്ക്കുന്നിതെന്നോര്‍മ്മയില്‍.. " ജി യുടെ പ്രസിദ്ധമായ വരികള്‍ ഓര്‍മ്മയില്ലേ………
ഓഫീസ്സിലെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ എന്നും കാണുന്ന കാഴ്ചകളിലൊന്നാണ് ശവമഞ്ചവുമായി വരുന്ന ആംബുലന്‍സ്. അതു കാണുമ്പോള്‍ മനസ്സില്‍ ഒരു ആന്തലാണ്. ചില ദിവസങ്ങളില്‍ എണ്ണം കൂടും. മറ്റു ദിവസങ്ങളില്‍ ഒന്നോ രണ്ടോ. രാത്രികളിലായിരിക്കും അധികം, കാരണം കൂടുതല്‍ ഫ്ലൈറ്റ് പോകുന്നത് ആ നേരങ്ങളിലാണ്. എംബാം ചെയ്ത സ്വന്തം ശരീരവുമായി സ്വദേശത്തേക്ക് അവസാന യാത്രക്കെത്തുന്നവര്‍. ഇവരെ സ്വീകരിക്കാന്‍ കാര്‍ഗൊ വില്ലേജില്‍ പ്രത്യേക ഡോക്ക് തന്നെ ഉണ്ട്. വളരെ ഫാസ്റ്റ് ആണ് കാര്യങ്ങള്‍, ഒരു താമസ്സവുമില്ല. കാത്തു നില്‍ക്കണ്ട, വഴക്കുപിടിക്കണ്ട…
ആംബുലന്‍സ് വന്നു നില്‍ക്കുന്നു, ബോഡി ഇറക്കുന്നു, ഡിനാറ്റ സ്റ്റാഫ് ഡൊക്യുമെന്റ്സ് പരിശൊധിക്കുന്നു. .എയര്‍ലൈനിന്റെ റെപ്രസന്റേറ്റിവ് വരുന്നു, എല്ലാം ഫടാ ഫട്.
ബോഡി കാര്‍ഗോ ആയിട്ടാണ് പോണതെങ്കിലും ടിക്കറ്റ് നിര്‍ബന്ധം!!.
അവസാന യാത്ര, ഒരു കാര്‍ഗോ ആയി നേരെ ഫ്ലൈറ്റിലെക്ക്…..
സാധാരണ ആയി ഫ്ലൈറ്റ് ലോഡിങ് സമയത്തിനുകുറച്ച് മുന്‍പേ ശവമഞ്ചങ്ങള്‍ എത്താറുള്ളൂ.കാത്തു നില്‍ക്കാനൊന്നും നേരമില്ല..നാട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കൊരുനോക്കു കാണാന്‍.. ഒന്നുമ്മ വെക്കാന്‍.. അവസാനമായി ഒരു പിടി മണ്ണിടാന്‍... യാത്രയാകുന്നു. അവസാനത്തെ പറക്കല്‍.
പലപ്പോഴും ജോലിയുടെ ഭാഗമായി ഇത് കാണാനിടവരാറുണ്ട്. പെട്ടിയില്‍ പേരും നാടും ഒക്കെ എഴുതി ഒട്ടിച്ച്, കാര്‍ഗോ അയയ്ക്കുന്നതിന്റെ എല്ലാ ചടങ്ങുകളുമായി... ഒരു യാത്ര.
അന്നു വരെ ഈ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്‍ മൂന്നാല് ദിവസങ്ങള്‍ക്ക് ശേഷം അതു വഴി തന്നെ തണുത്തുറഞ്ഞ് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.
വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം......
ഒരു ദിവസം തിരിച്ചു പൊക്ക്, അത് അനിവാര്യമാണല്ലോ എല്ലാവര്‍ക്കും.
എത്രപേര്‍ ഇതോര്‍ക്കുന്നു...
Thursday, June 11, 2009
Subscribe to:
Posts (Atom)