Tuesday, February 24, 2009

How can we make .........???

പ്രവാസ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഉപജീവന മാര്‍ഗം അദ്ധ്യാപക വൃത്തിയായിരുന്നു. അന്ന് ഇവിടത്തെ അദ്ധ്യാപകരുടെ വേതന വ്യവസ്ഥിതിയെപ്പറ്റി പറയാതിരിക്കുന്നതാവും ഭേദം( ഇന്നും വളരെ വ്യത്യസ്തമൊന്നുമല്ലെങ്കിലും).അതുകൊണ്ടാ‍ണ് ഇഷ്ടപ്പെട്ട ഒരു ജോലിയായിട്ടും മനസ്സില്ലാമനസ്സോടെ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നതും :( :(
ഒന്‍പത്, പത്ത്, +2 ഇതായിരുന്നു ക്ലാസ്സ്. വിഷയം ജീവശാസ്ത്രം.

പ്രീ ഡിഗ്രി കഴിഞ്ഞ് പിന്നെയും അഞ്ചുകൊല്ലം പട വെട്ടി, കഷ്ടപ്പെട്ട് മാസ്റ്റര്‍ ബിരുദം ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും, നോം സാ‍ധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കയറ്റി അയക്കുന്ന { Freight Forwarding ( cargo)} കമ്പനിയില്‍പണി ചെയ്യുന്നു!! അത് ഗല്‍ഫ് കാരന്റെ വേറെ ഒരു വിധി..

പോട്ടെ.... അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്താ?? ഓ... ടീച്ചര്‍ ജോലി...
അന്നത്തെ ക്ലാസ്സ് ഒന്‍പതിലായിരുന്നു. മുഴുവന്‍ ആണ്‍‍ കുട്ടികളാണ്. ( ഗള്‍‍ഫില്‍ ഇന്നും സ്കൂളില്‍ കോ എഡ്ജ്യുകേഷന്‍ മഹാപരാധം!!)

അന്ന് ഇന്നത്തെപ്പോലെ ബജറ്റ് എയര്‍ലയിനൊന്നുമില്ല. ഇന്ത്യന്‍ പ്രവാസികളുടെ ചോരയൂറ്റിക്കുടിച്ചു വീര്‍ക്കാന്‍ ഒരു എയര്‍ ഇന്ത്യ മാത്രം. സാധാരനക്കാരായ ഫാമിലികള്‍ നാട്ടില്‍ പോകുന്നത് രണ്ടോ മൂന്നോ കൊല്ലത്തിലൊരിക്കലാണ്. അതും മലയാളികള്‍. പാക്കിസ്ഥാനികളൊക്കെ അഞ്ചും ആറും കൊല്ലമൊക്കെ കഴിഞ്ഞാണ് നാടുകാണുന്നത്.
ജനിച്ചിട്ട് ഇന്നുവരെ നാടു കാണാത്ത് കുട്ടികള്‍ വരെയുണ്ടായിരുന്നു ക്ലാസ്സില്‍. മജോറിറ്റിയും പാക്കിസ്ഥാനികളാണ്. നാട് കാണാനും മണ്ണിന്റെ, മഴയുടെ ഗന്ധമറിയാനും ഭാഗ്യം കിട്ടാത്ത കുറെ പാവങ്ങള്‍!
food adulteration - നെ ( മായം ചേര്‍ക്കല്‍) ക്കുറിച്ചായിരുന്നു അന്ന് പഠിപ്പിച്ചത്. മായം ചേര്‍ക്കലിന്റെ വിവിധ മേഖലകളെക്കുറിച്ച് കാര്യമായി വിശദീകരിച്ചു. പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള ഉപകരണമാണ് ലാക്റ്റൊമീറ്റര്‍ - മായം ചേര്‍ക്കുന്നവരെ അങ്ങനെ കണ്ടെത്താം എന്നൊക്കെ ഞാന്‍ വചാലയായി.

പ്രസംഗം നിര്‍ത്തി കുട്ടികളെ നോക്കിയപ്പോള്‍ പലര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍!

ഒരുത്തന്‍ എണീറ്റു,വളരെ സങ്കൊചത്തോടെ. ടീച്ചറിനു തെറ്റുപറ്റിയതാണൊ എന്ന ഒരു ശങ്കയില്‍ ചോദ്യം വന്നു....

“Teacher...How can we make milk without adding water???!!!!!!!!”

വെള്ളം ചേര്‍ക്കാതെ എങ്ങനെയാ പാലുണ്ടാക്കുകയെന്ന് :( :( :(

പാല്‍പ്പൊടിയില്‍ വെള്ളം ചേര്‍ത്ത് പാലുണ്ടാക്കുന്നതല്ലാതെ യഥാര്‍ത്ഥ പാല്‍ എന്തെന്ന് അവന്‍ കണ്ടിട്ടില്ല!! അതായിരുന്നു അവരുടെ കണ്‍ഫ്യൂഷന്‍!!!

(അന്ന് ഇന്നത്തെപ്പോലെ ഫ്രഷ് മില്‍ക്ക് ഒന്നും സുലഭമായിരുന്നില്ല. ഒരു പതിനെട്ടു കൊല്ലം പിന്നിലാണേ..)

നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ വളരുന്ന കുട്ടികള്‍ സുകൃതം ചെയ്തവര്‍ തന്നെ. യാതൊരു സംശയവും വെണ്ട.

സ്ലം ഡോഗ് മില്യനേയര്‍: ഒരു യഥാര്‍ത്ഥ ചിത്രം !!

ബൂലോഗരെ...

സ്ലം ഡോഗ് മില്യനേയര്‍ - തെരുവു പട്ടി കോടീശ്വരന്‍
ചര്‍ച്ചകള്‍, ഭൂലോഗത്തും മാലോകത്തും, ഈ കൊച്ചു ബൂലോഗത്തും പൊടി പൊടിച്ച് തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴൊന്നും അവസാനിക്കുന്ന മട്ട് കാ‍ണുന്നില്ല.

ഈ സിനിമയ്ക്കു ശേഷം ചിലരുടെ മനസ്സിലെകിലും ഒരു ചിന്ത ഇല്ലാതില്ല, ഇതൊക്കെ യാഥാ‍ര്‍ത്ഥ്യമാകാമെന്ന്. ഇല്ല കൂട്ടരേ, സ്ലം ഡോഗ്, എന്നും സ്ലം ഡോഗ് തന്നെ. യാതൊരു മാറ്റവും പ്രതീക്ഷിക്കാനില്ല.
അവനോ, അവളോ, ഒരിക്കലും ഉയരങ്ങളില്‍ എത്താറില്ല.
കോരനെന്നും കഞ്ഞി കുമ്പിളില്‍ തന്നെ....

അധോലോകങ്ങളുടെ അകത്തളങ്ങളില്‍ രാജക്കന്മാരായോ, ചുവന്ന തെരുവു ഗലികളുടെ റാണിമാരായോ വാഴുമായിരിക്കാം. പക്ഷേ...മുഖ്യധാരയിലെത്തുന്നവര്‍ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അപൂര്‍വം.

ഇതൊന്നു കണ്ടു നോക്കൂ...


അവന്റെ മുഖത്തെ നിഷ്കളങ്കത, ആ ചിരിയുടെ ഓമനത്തം നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഒരു നൊമ്പരമുണര്‍ത്തുന്നില്ലേ..

ആദ്യത്തെ വരവിന് അവനെ( രവി) കണ്ട സായിപ്പ് അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മുംബയിലെത്തിയപ്പോള്‍ അവനെ തേടിപ്പിടിച്ച് കണ്ടെത്തിയപ്പോഴും തൊഴില്‍ പഴയതു തന്നെ, മാറ്റമൊന്നുമില്ല.


ശരിയായ വിദ്യാഭ്യാസത്തിനുപോലും നിവൃത്തിയില്ലാതെ, തെരുവിന്റെ മകനായി രവി അന്നന്നത്തെ ഭക്ഷണത്തിനുള്ള വകക്കായി വിശറി വില്‍ക്കുന്നു, അമ്മൂമ്മയൊടൊപ്പം!!