Tuesday, February 24, 2009

How can we make .........???

പ്രവാസ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഉപജീവന മാര്‍ഗം അദ്ധ്യാപക വൃത്തിയായിരുന്നു. അന്ന് ഇവിടത്തെ അദ്ധ്യാപകരുടെ വേതന വ്യവസ്ഥിതിയെപ്പറ്റി പറയാതിരിക്കുന്നതാവും ഭേദം( ഇന്നും വളരെ വ്യത്യസ്തമൊന്നുമല്ലെങ്കിലും).അതുകൊണ്ടാ‍ണ് ഇഷ്ടപ്പെട്ട ഒരു ജോലിയായിട്ടും മനസ്സില്ലാമനസ്സോടെ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നതും :( :(
ഒന്‍പത്, പത്ത്, +2 ഇതായിരുന്നു ക്ലാസ്സ്. വിഷയം ജീവശാസ്ത്രം.

പ്രീ ഡിഗ്രി കഴിഞ്ഞ് പിന്നെയും അഞ്ചുകൊല്ലം പട വെട്ടി, കഷ്ടപ്പെട്ട് മാസ്റ്റര്‍ ബിരുദം ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും, നോം സാ‍ധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കയറ്റി അയക്കുന്ന { Freight Forwarding ( cargo)} കമ്പനിയില്‍പണി ചെയ്യുന്നു!! അത് ഗല്‍ഫ് കാരന്റെ വേറെ ഒരു വിധി..

പോട്ടെ.... അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്താ?? ഓ... ടീച്ചര്‍ ജോലി...
അന്നത്തെ ക്ലാസ്സ് ഒന്‍പതിലായിരുന്നു. മുഴുവന്‍ ആണ്‍‍ കുട്ടികളാണ്. ( ഗള്‍‍ഫില്‍ ഇന്നും സ്കൂളില്‍ കോ എഡ്ജ്യുകേഷന്‍ മഹാപരാധം!!)

അന്ന് ഇന്നത്തെപ്പോലെ ബജറ്റ് എയര്‍ലയിനൊന്നുമില്ല. ഇന്ത്യന്‍ പ്രവാസികളുടെ ചോരയൂറ്റിക്കുടിച്ചു വീര്‍ക്കാന്‍ ഒരു എയര്‍ ഇന്ത്യ മാത്രം. സാധാരനക്കാരായ ഫാമിലികള്‍ നാട്ടില്‍ പോകുന്നത് രണ്ടോ മൂന്നോ കൊല്ലത്തിലൊരിക്കലാണ്. അതും മലയാളികള്‍. പാക്കിസ്ഥാനികളൊക്കെ അഞ്ചും ആറും കൊല്ലമൊക്കെ കഴിഞ്ഞാണ് നാടുകാണുന്നത്.
ജനിച്ചിട്ട് ഇന്നുവരെ നാടു കാണാത്ത് കുട്ടികള്‍ വരെയുണ്ടായിരുന്നു ക്ലാസ്സില്‍. മജോറിറ്റിയും പാക്കിസ്ഥാനികളാണ്. നാട് കാണാനും മണ്ണിന്റെ, മഴയുടെ ഗന്ധമറിയാനും ഭാഗ്യം കിട്ടാത്ത കുറെ പാവങ്ങള്‍!
food adulteration - നെ ( മായം ചേര്‍ക്കല്‍) ക്കുറിച്ചായിരുന്നു അന്ന് പഠിപ്പിച്ചത്. മായം ചേര്‍ക്കലിന്റെ വിവിധ മേഖലകളെക്കുറിച്ച് കാര്യമായി വിശദീകരിച്ചു. പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള ഉപകരണമാണ് ലാക്റ്റൊമീറ്റര്‍ - മായം ചേര്‍ക്കുന്നവരെ അങ്ങനെ കണ്ടെത്താം എന്നൊക്കെ ഞാന്‍ വചാലയായി.

പ്രസംഗം നിര്‍ത്തി കുട്ടികളെ നോക്കിയപ്പോള്‍ പലര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍!

ഒരുത്തന്‍ എണീറ്റു,വളരെ സങ്കൊചത്തോടെ. ടീച്ചറിനു തെറ്റുപറ്റിയതാണൊ എന്ന ഒരു ശങ്കയില്‍ ചോദ്യം വന്നു....

“Teacher...How can we make milk without adding water???!!!!!!!!”

വെള്ളം ചേര്‍ക്കാതെ എങ്ങനെയാ പാലുണ്ടാക്കുകയെന്ന് :( :( :(

പാല്‍പ്പൊടിയില്‍ വെള്ളം ചേര്‍ത്ത് പാലുണ്ടാക്കുന്നതല്ലാതെ യഥാര്‍ത്ഥ പാല്‍ എന്തെന്ന് അവന്‍ കണ്ടിട്ടില്ല!! അതായിരുന്നു അവരുടെ കണ്‍ഫ്യൂഷന്‍!!!

(അന്ന് ഇന്നത്തെപ്പോലെ ഫ്രഷ് മില്‍ക്ക് ഒന്നും സുലഭമായിരുന്നില്ല. ഒരു പതിനെട്ടു കൊല്ലം പിന്നിലാണേ..)

നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ വളരുന്ന കുട്ടികള്‍ സുകൃതം ചെയ്തവര്‍ തന്നെ. യാതൊരു സംശയവും വെണ്ട.

സ്ലം ഡോഗ് മില്യനേയര്‍: ഒരു യഥാര്‍ത്ഥ ചിത്രം !!

ബൂലോഗരെ...

സ്ലം ഡോഗ് മില്യനേയര്‍ - തെരുവു പട്ടി കോടീശ്വരന്‍
ചര്‍ച്ചകള്‍, ഭൂലോഗത്തും മാലോകത്തും, ഈ കൊച്ചു ബൂലോഗത്തും പൊടി പൊടിച്ച് തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴൊന്നും അവസാനിക്കുന്ന മട്ട് കാ‍ണുന്നില്ല.

ഈ സിനിമയ്ക്കു ശേഷം ചിലരുടെ മനസ്സിലെകിലും ഒരു ചിന്ത ഇല്ലാതില്ല, ഇതൊക്കെ യാഥാ‍ര്‍ത്ഥ്യമാകാമെന്ന്. ഇല്ല കൂട്ടരേ, സ്ലം ഡോഗ്, എന്നും സ്ലം ഡോഗ് തന്നെ. യാതൊരു മാറ്റവും പ്രതീക്ഷിക്കാനില്ല.
അവനോ, അവളോ, ഒരിക്കലും ഉയരങ്ങളില്‍ എത്താറില്ല.
കോരനെന്നും കഞ്ഞി കുമ്പിളില്‍ തന്നെ....

അധോലോകങ്ങളുടെ അകത്തളങ്ങളില്‍ രാജക്കന്മാരായോ, ചുവന്ന തെരുവു ഗലികളുടെ റാണിമാരായോ വാഴുമായിരിക്കാം. പക്ഷേ...മുഖ്യധാരയിലെത്തുന്നവര്‍ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അപൂര്‍വം.

ഇതൊന്നു കണ്ടു നോക്കൂ...


അവന്റെ മുഖത്തെ നിഷ്കളങ്കത, ആ ചിരിയുടെ ഓമനത്തം നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഒരു നൊമ്പരമുണര്‍ത്തുന്നില്ലേ..

ആദ്യത്തെ വരവിന് അവനെ( രവി) കണ്ട സായിപ്പ് അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മുംബയിലെത്തിയപ്പോള്‍ അവനെ തേടിപ്പിടിച്ച് കണ്ടെത്തിയപ്പോഴും തൊഴില്‍ പഴയതു തന്നെ, മാറ്റമൊന്നുമില്ല.


ശരിയായ വിദ്യാഭ്യാസത്തിനുപോലും നിവൃത്തിയില്ലാതെ, തെരുവിന്റെ മകനായി രവി അന്നന്നത്തെ ഭക്ഷണത്തിനുള്ള വകക്കായി വിശറി വില്‍ക്കുന്നു, അമ്മൂമ്മയൊടൊപ്പം!!

Saturday, February 21, 2009

യു.എ.ഇ. ബ്ലോഗ് സംഗമം 2009

അയല്‍ക്കൂട്ടത്തിന്റെ വടം വലി

എല്ലാവരും ബ്ലോഗ് മീറ്റിന്റെ ഫോട്ടോസ് ഇട്ടപ്പോള്‍ ഒരു ചെറിയ പൂതി എനിക്കും.ഷംസു എടുത്ത വളരെക്കുറച്ചു ചിത്രങ്ങള്‍ തുണയായി. ഈ വെള്ളിയാഴ്ച്ച ഡ്യൂ‍ട്ടി ആയിരുന്നതിനാല്‍ ആള്‍ എത്താന്‍ വൈകി. പിന്നെ മീറ്റില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചു കളി ആയിരുന്നല്ലോ. അതിനു തെളിവായി ദേവന്റെ പോസ്റ്റ് കണ്ടല്ലോ. പിന്നെ പുതിയ ശിഷ്യനായ സിദ്ധാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന്റെ ഒരു ശ്രമവും.

വിശാലമനസ്ക്ക കുടുംബം.ഒരു മുഖം വിവിധ ഭാവങ്ങള്‍!!!
ഇതിന് ഏറ്റവും നല്ല അടിക്കുറിപ്പ് എഴുതുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ സമ്മാനം
ഫാമിലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
പൊതുവാളിന്റെ ഫോട്ടോ പിടിത്തം കൈപ്പള്ളിയുടെ അതീന്ദ്രിയജാലം

കരീം മാഷുമൊത്ത്..
ഇതാരാ സൂപ്പര്‍ സ്റ്റാര്‍!! പക്ഷേ മീശ കറുപ്പിക്കാന്‍ തിരക്കിനിടയില്‍ മറന്നു...ഫോട്ടോഷോപ്പില്‍ കറുപ്പിക്കണ്ട എന്നു ഞാനും വെച്ചു. അങ്ങനെ അധികം ചുള്ളനാവണ്ട.

ബ്ലോഗിലെ താരങ്ങളോടൊപ്പം.

മര്യാദക്കാരന്‍ കുറുവും, കണ്ണാടിക്കാരന്‍ വിശാലനും( മൂപ്പര്‍ക്ക് മമ്മൂ‍ട്ടിയെപ്പോലെ കൂളിങ് ഗ്ലാസ്സ് ഒരു വീക്നെസ്സ് ആണേ.. ക്ഷമിക്ക്) ഷംസുവിനും ഒപ്പം.

താഴത്തെ ഫോട്ടോയില്‍ കൂടെ രശ്മിയും.

Friday, February 20, 2009

ബ്ലോഗര്‍മാരുടെ ലിസ്റ്റ്

അങ്ങനെ 2009ലെ ആദ്യത്തെ മീറ്റിന് കര്‍ട്ടന്‍ വീണു.

മാലോകരാരെങ്കിലും തുനിഞ്ഞിറങ്ങി ഒരു യു. എ. ഇ ബ്ലോഗ്ഗേര്‍സ് ലിസ്റ്റും കോണ്ടാക്റ്റ് നമ്പറും ഒക്കെ ഒന്നുണ്ടാക്കിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരു ഉപകാരമാവും.

എന്താ നിങ്ങളുടെ ഒരു അഭിപ്രായം....

Saturday, February 7, 2009

ഒന്നു വിശദീകരിക്കാമോ?!

ഇതൊരു കഥയല്ല, നടന്ന സംഭവം മാത്രം. സരസനായിരുന്നു ബീരാനിക്ക... എല്ലാത്തിനും മൂപ്പര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാകും. മറ്റുള്ളവര്‍ക്കത് ശരിയോ തെറ്റോ?? പുള്ളിക്കാരനത് പ്രശ്നമേ അല്ല്ല. ആളൊരു പരോപകാരിതന്നെ. പരോപകാരം അധികമായി, സ്വയം പ്രശ്നങ്ങളില്‍ ചെന്ന് ചാടിയ സംഭവങ്ങളും ധാരാളം. ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം ബീഫ് വരട്ടിയത്. അത് എത്ര കിട്ടിയാലും തട്ടും.
പിന്നെങ്ങനെ ഹാര്‍ട്ട് പണി മുടക്കാതിരിക്കും?? ഒരു ദിവസം അതു സംഭവിച്ചു... ജോലിസ്ഥലത്തു വെച്ചുണ്ടായ കഠിനമായ നെഞ്ചു വേദനയെത്തുടര്‍ന്ന് പെട്ടെന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്ഷപ്പെടാന്‍ ചാന്‍സ് വളരെ കുറവ്.. എന്നാലും ഉടന്‍ ഒരു ഓപ്പറേഷന്‍ നടത്തി നോക്കാം ഡോക്ടര്‍ ചാന്‍സെടുത്തു. അതിനുള്ള തയ്യാറെടുപ്പുകള്‍ ധൃതിയില്‍..... പിറ്റേന്നു തന്നെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും നടന്നു. സിവിയര്‍ ബ്ലോക്ക് മൂന്ന്!! മഹാന്മാരല്ലാത്തവ വേറെയും. എന്നാലും ഒരു മിറാക്കിള്‍ സംഭവിച്ചു. ഓപ്പറേഷന്‍ സക്സസ്സ്. കൂടെ നിന്നവര്‍ ശ്വാസം നേരെ വിട്ടു.

ആളെ C.C.U വിലേക്ക് മാറ്റി. ആദ്യത്തെ ദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രണ്ടാം ദിവസം രാത്രി കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഡോക്ടര്‍ പാഞ്ഞെത്തി, ഉടന്‍ തിയേറ്ററിലേക്ക്. കുത്തിക്കെട്ടി വെച്ചത് വീണ്ടും തുറന്നു. നാല്പത്തെട്ട് മണിക്കൂറിനുളള്ളില്‍ രണ്ട് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി!!
എന്തിനധികം.. ആയുസ്സിന്റെ ബലം അത്രയ്ക്കായതു കൊണ്ട് ബീരാനിക്ക വളരെ കൂളായി ആ ആപത്തും തരണം ചെയ്തു. രണ്ടാഴ്ച്ചക്കു ശേഷം ആശുപത്രിയും വിട്ടു.
മരണത്തെ മുഖാമുഖം കണ്ടു തിരിച്ചെത്തിയതല്ലേ.. ഇനി അടുത്തൊന്നും കാലന്‍ തന്നെ തിരിഞ്ഞു നോക്കില്ലെന്ന് മൂപ്പരങ്ങു തീരുമാനിച്ചു.
ജീവിതം ആഘോഷം.. മരുന്നുകള്‍ ഒരു പിടി ഉണ്ട്. ഭക്ഷണത്തിനു നിയന്ത്രണവും. രണ്ടാമത്തേത് മൂപ്പര്‍ സൌകര്യപൂര്‍വം ഒഴിവാക്കി. ഇഷ്ടമുള്ളതൊക്കെ കഴിക്കും. വീട്ടില്‍ നിയന്ത്രണം കഠിനം... പക്ഷേ കക്ഷി വേണ്ടത് പുറത്തു നിന്ന് തട്ടും!
ആള് ഭക്തനാണ്, ഒരു നേരവും നമസ്ക്കാരം മുടക്കില്ല. ഒരു ദിവസം വൈകുന്നേരം ബീരാനിക്ക വീട്ടില്‍ വന്നു. എന്നു വരുമ്പോഴും കഥകള്‍ ഒരുപാടുണ്ടാകും പറയാന്‍... അന്നും വ്യത്യസ്തമായിരുന്നില്ല . ഒരുപാട് വിശേഷങ്ങള്‍‍ക്ക് ശേഷം മൂപ്പര്‍ പറഞ്ഞു തുടങ്ങി.

“അതേയ്.. കഴിഞ്ഞ വെള്ളിയാഴ്ച്ച വളരെ രസകരമായ ഒരു സംഭവമുണ്ടായി... മഗരിബ് നമസ്ക്കാരം കഴിഞ്ഞപ്പോള്‍ ഒരു ക്ഷീണം പോലെ... പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പോയില്ല... മുസല്ല്ലയില്‍്‍ തന്നെ കിടന്ന് ഒന്നു മയങ്ങി. അപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു....... നാട്ടിലെ പള്ളി.. . ഒഴിവ് ദിവസങ്ങളില്‍ അസര്‍ നമസ്ക്കാരം കഴിഞ്ഞ് ഒരു ചായക്കു ശേഷം കൂട്ടുകാരുമായി പള്ളിമുറ്റത്ത് ഒത്തു കൂ‍ടുന്ന ഒരു പതിവ് ഉണ്ടായിരുന്നു. കുറച്ചു നേരം വെടിപറഞ്ഞിരുന്ന് മഗരിബിനു ശേഷം തിരിച്ചു പോരും. അന്നും പള്ളിയില്‍ എത്തിയതാണ്. പള്ളി മുറ്റത്തെ മാവിന്‍ ചുവട്ടില്‍ രണ്ട് ബെഞ്ചിട്ടിട്ടുണ്ട്. അതിലിരിക്കുന്നു കൂട്ടുകാര്‍ ഉസ്മാനും, മമ്മതും, റസാക്കും( മൂന്ന് പേരും മയ്യത്തായിട്ട് വര്‍ഷം നാല് കഴിഞ്ഞു). അവരെങ്ങനെ ഇപ്പോള്‍ ഇവിടെ?!
പള്ളിയുടെ ഗെയിറ്റ് കടന്നപ്പോള്‍ കണ്ടു, പിന്നിലെ വഴിയിലൂടെ കയറി വന്ന ജമാലിനെ. രണ്ടു പേരും ഒപ്പമെത്തി.ഒരാള്‍ക്കിരിക്കാനേ സ്ഥലമുള്ളൂ. ഞാന്‍ പറഞ്ഞു “ ജമാലിരുന്നോളൂ ഞാനിവിടെ നിന്നോളാം, എല്ലാരേം കാണാലോ..”
“നീയിരി ബീരാനേ” ജമാല്‍ നിരസിച്ചു...
എന്തോ ഇരിക്കാന്‍ തോന്നിയില്ല. ജമാലിനെ നിര്‍ബന്ധിച്ച് ആ ബെഞ്ചിലിരുത്തി. പല ലോക കാര്യങ്ങളും ചര്‍ച്ചക്ക് വിഷയമായി‍. നേരം കുറച്ച് കഴിഞ്ഞു. ഞാന്‍ നില്‍ക്കുന്നതില്‍ വിഷമം തോന്നിയിട്ടാവാം ഉസ്മാന്‍ പറഞ്ഞു.. “കുറേ നേരമായില്ലെ ബീരാനേ നീ നിക്ക്ണ്, ദേ ഇബിടെ ഇരി. ” ഇത്തിരി സ്ഥലമുണ്ടാക്കി മൂപ്പര്‍ എന്നെ പിടിച്ച് ഇടയില്‍ ഞെരുക്കി ഇരുത്തി.

അല്‍പ്പ സമയത്തിനു ശേഷം മഗരിബ് ബാങ്ക് കേട്ടു.. അന്നത്തെ വെടിപറച്ചിലിന് വിരാമമായി.”

“ ബാപ്പാ.. ബാപ്പാ“.. മകന്റെ വിളികേട്ടാണ് നമസ്ക്കാരപ്പായിലെ ചെറുമയക്കം വിട്ടെണീറ്റു നോക്കിയപ്പോള്‍ അവന്റെ മുഖത്തൊരു വിഷാ‍ദം....എന്തോ പറയാന്‍ വിഷമിക്കുന്നതു പോലെ.
“എന്തു പറ്റി മോനേ??“

“അത്.. അത്.. ഇപ്പോള്‍ കൊച്ചാപ്പ വിളിച്ചിരുന്നു നാട്ടീന്. നമ്മുടെ ജമാലിക്ക മരിച്ചു.. ഇന്നുച്ചക്ക് ഹാര്‍ട്ട് അറ്റാക്കായിരുന്നു. ‍”
ഉള്ളില്‍ ഒരു നടുക്കം!!!! ഇപ്പോള്‍ത്തന്നെ സ്വപ്നത്തില്‍ കണ്ടത്!!!!!!!!!!

ഇതു വിവരിച്ച് ബീരാനിക്ക ഞങ്ങളോട് പറഞ്ഞു.

“ പടച്ചവന്‍ കാത്തു.. അസ്രായീല് എന്റെ റൂഹ് പിടിക്കാന്‍ എത്ത്യേനെ. ജമാലിനെ നിര്‍ബന്ധിച്ച് ഇരുത്തിയതിനാല്‍ ഞാന്‍ രക്ഷപെട്ടു! ഇനി അടുത്തൊന്നും ഞാന്‍ ചാവില്ല.”

ഇതും പറഞ്ഞ് മൂപ്പര്‍ ഒരു ചിരി പാസ്സാക്കി.

ഇക്കയുടെ സ്വപ്നവലയത്തില്‍ നിന്ന് പുറത്തു കടന്ന് ഞങ്ങളും ഇരുന്നു.

അന്ന് ബീരാനിക്ക പോയത് വളരെ വൈകിയാണ്... ഫ്രിഡ്ജിലിരുന്ന ബീഫ് കറിയും പൊറോട്ടയും ഒട്ടും ബാക്കി വെക്കാതെ മുഴുവനും കഴിച്ച് തീര്‍ത്തതിനു ശേഷം...

നിര്‍ത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ് പിറ്റേന്ന് ഉറക്കമുണര്‍ന്നത്....
അങ്ങേതലക്കല്‍ അമ്മായി... “ മോളേ... നമ്മുടെ ബീരാനിക്ക് മരിച്ചു... രാത്രി ഉറക്കത്തിലായിരുന്നു...”
തരിച്ചിരുന്നുപോയി....

പിന്നെ ഓര്‍മ വന്നത് ബീരാനിക്കയുടെ സ്വപ്നമായിരുന്നു.
എന്തിനാ ആ പഹയന്മാര്‍ ഇത്തിരി സ്ഥലമുണ്ടാക്കി മൂപ്പരെ പിടിച്ച് ബെഞ്ചിലിരുത്തിയത്?!!

Thursday, February 5, 2009

നരകത്തിലെ കോഴി

“എന്താ ഉമ്മച്ചി ഈ ഗ്രില്‍ഡ് ചിക്കനെ എല്ലാവരും നരകത്തിലെ കോഴീന്നു പറയുന്നേ?”
ഒരു ദിവസം വാവയുടെ ചോദ്യം..

“ അതു മോനേ... നമ്മളെല്ലാം മരിച്ചു കഴിഞ്ഞാല്‍ പാപം ചെയ്തവരെ പടച്ചവന്‍ ശിക്ഷിക്കുന്നത് ഇങ്ങനെയാണ്. നരകത്തീയില്‍ ഇതുപോലെ കറക്കും.. തൊലിയെല്ലം കരിഞ്ഞു പോകും. അപ്പോള്‍ വീണ്ടും തൊലി വരും. പിന്നെ അതും കരിയും.....”

വാവ ഒരു നിമിഷം ചിന്തിച്ചിരിക്കുന്നതു കണ്ടു.

ഇതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങളുടെ ഒരു ബന്ധു. മൂപ്പര്‍ വാവയെ ആശ്വസിപ്പിച്ചു...

“ വാവേ.. നീ വിഷമിക്കണ്ടട്ടോ.. താഴത്തെയും മുകളിലത്തേയും കമ്പിയിലായി ഞങ്ങളൊക്കെ ഉണ്ടാകും. നമുക്ക് കൊചു വര്‍ത്തമാനവും, തമാശയുമൊക്കീ പറഞ്ഞു കിടക്കാം.”

അവന് ആശ്വാസം ആയെന്നു തോന്നുന്നു.

ഈ ബന്ധു ഒരു ഉപകഥകൂടി പറഞ്ഞു..

പുള്ളിക്കാരനൊരു കസിനുണ്ട്. ഭയങ്കര ഭക്തിയാണ്.. അതു മാത്രം ചിന്തയായി നടക്കുന്ന ഒരു കക്ഷി. ( തെറ്റിദ്ധരിക്കല്ലേ.. ഭക്തി എല്ലവര്‍ക്കും അത്യാവശ്യം വേണ്ടതണെന്നു വിശ്വസിക്കുന്ന ഒരാളാണു ഈ ഞാന്‍.. വല്ലാതെ കൂടിപ്പോകരുതെന്നു മാത്രം)

ഈ കസിനോട് ഇവര്‍ പറയുമത്രെ..

“എടാ.. നീ ഇങ്ങനെ ഒക്കെ നടന്നാല്‍ എന്തായാലും സ്വര്‍ഗത്തിലേ പോകൂ. ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ നിനക്കു ഭയങ്കര ഏകാന്തത ആയിരിക്കും.. ആരും കൂട്ടിനുണ്ടാവില്ല. താഴെ ഞങ്ങളെല്ലാം കിടന്നു അര്‍മാദിച്ചു ( വിശാലനോട് കടപ്പാട്) രസിക്കുമ്പോള്‍ നിനക്കു തോന്നും.. ഒന്നും വേണ്ടിയിരുന്നില്ലെന്ന്” ...

നോക്കണേ...ഓരോരുത്തന്മാരുടെ ഉപദേശം!!!
മനുഷ്യന്‍ നന്നാവനും സമ്മതിക്കില്ല...

ഈ ഉപദേശം കേട്ട് പുള്ളിക്കാരന്‍ ഭക്തി വെടിഞ്ഞോ എന്നറിയില്ല...