Wednesday, March 25, 2009

ഇന്നു പെയ്ത മഴയില്‍....


ഒട്ടും പ്രതീക്ഷിക്കാതെ ആര്‍ത്തലച്ചു വന്നു, പെയ്തു പോയ ഇന്നത്തെ മഴയില്‍ കിട്ടിയത്, ആകാശത്തു വിരിഞ്ഞ ഒരു മിന്നല്‍ക്കൊടി.

ആലിപ്പഴങ്ങള്‍ വീണിരുന്നു.. കയ്യിലെടുത്തപ്പോളേക്കും അലിഞ്ഞില്ലാതായി.

Sunday, March 8, 2009

ഒരു ലേലത്തിന്റെ ബാക്കി പത്രം.


നമ്മുടെ രാഷ്ട്രപിതാവിന്റെ ചില സ്വകാര്യ വസ്തുക്കളുടെ ലേലം ന്യുയോര്‍ക്കില്‍ നടക്കുന്നു എന്ന പ്രഖ്യാപനം വന്നതു മുതല്‍ മറവിയുടെ ചാരത്തില്‍ നിന്നും ആ മഹാത്മാവിനെ പത്രങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു.
എന്തായിരുന്നു കോലാഹലം..

ലേലം നടക്കുമോ അതോ ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ലേലത്തില്‍ നിന്നും പിന്മാറുമോ??

ദൈവമേ എന്തെല്ലാം നാടകങ്ങള്‍.
സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍‍ക്കു വിരാമമിട്ടുകൊണ്ട് ദാ വരുന്നു പ്രഖ്യാപനം!

ഒരു പാവം കുഞ്ഞാട്, കള്ളുകച്ചവട കോടീശ്വരന്‍ വിജയ് മല്യ, വെറും 1.8 മില്യന്‍ യു, എസ് ഡോളറിന് ഇവ ലേലം കൊണ്ടു.

നോക്കണേ ഒരു വിരോധാഭാസം!!!

ജീവിച്ചിരുന്ന കാലം മുഴുവന്‍ മദ്യവര്‍ജ്ജനത്തിനായി പൊരുതിയിരുന്ന ബാപ്പുജിയുടെ സ്വകാര്യ വസ്തുക്കള്‍ സ്വന്തമാക്കാന്‍ മദ്യരാജാവ് വേണ്ടി വന്നു, അതാണ് ദയനീയം!

സ്വര്‍ഗരാജ്യത്തിരുന്ന് ഇത് കണ്ട് കണ്ണ് നിറയുന്നുണ്ടാവും ബാപ്പുവിന്.

തുക കുറഞ്ഞു പോയെന്നും പത്തു മില്യനെങ്കിലും കിട്ടേണ്ട്തായിരുന്നെന്നു ഉടമസ്ഥനായിരു‍ന്ന സായിപ്പ് ജേംസ് ഓട്ടിസ്.പുള്ളിക്കാരന്റെ കയ്യില്‍ ഇനിയുമുണ്ടത്രേ പലതും. 1934ല്‍ പച്ച ക്രയോണ്‍ പെന്‍സില്‍ കൊണ്ടെഴുതി, ബാപ്പു എന്ന് ഒപ്പിട്ട ഒരു കത്ത്, മരിക്കുന്നതിന് ഒന്‍പതു ദിവസം മുന്‍പ്മാത്രം ചെയ്ത രക്ത പരിശോധനാ റിപ്പോര്‍ട്ട്, 1924-ല്‍ ബാപ്പുവിനു വന്ന ഒരു ടെലിഗ്രാമിനു പുറത്ത് അദ്ദേഹം മറുപടി കോറിയിട്ടത്.. അങ്ങനെ പലതും.

ലേലം ചെയ്ത വസ്തുക്കള്‍ ആര്‍ക്ക് പോകും, ഇന്ത്യാ ഗവണ്മെന്റിനോ അതോ ലേലം കൊണ്ട ആള്‍ക്കോ? തീരുമാനം യു എസ് ഗവണ്മെന്റിന്റേതാണ്.

ജേംസ് ഓട്ടിസിന്റെ ഉദ്ദേശം പ്രശംസനീയമാണ്. ലേലം ചെയ്തു കിട്ടുന്ന പൈസയില്‍ ഒരണപോലും പുള്ളിയ്ക്കു വേണ്ട. ഇന്ത്യ പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷക്ക് കൂടുതലെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള, ബാപ്പുജിയുടെ മറ്റ് സ്വകാര്യ വസ്തുക്കള്‍ കൂടി തരാന്‍ തയ്യാറാണു താനും.
ശേഷം വെള്ളിത്തിരയില്‍.........
അല്‍പ്പം കൂടി:
പട്ടച്ചാരായം കളറുകലക്കി വിദേശ മദ്യം എന്ന പേരില്‍ വില്‍ക്കുന്ന നമ്മുടെ രാജ്യത്ത്...ഈ ദ്രാവക മിശ്രിതം സേവിച്ച് എത്ര പേരാണ് കരളു ദ്രവിച്ച് ജീവിച്ച്-മരിച്ച്-ജീവിക്കുന്നത്, ഇവരുടെ ചികത്സക്ക് കുടുംബത്തിന്-രാഷ്ട്രത്തിന് ചിലവാകുന്ന തുക കണക്കാക്കിയാല്‍ നാം ഞെട്ടും...!?

Saturday, March 7, 2009

ജന്മദിനം

വാവ,എന്റെശരീരത്തിന്റെ ഭാഗമായി എട്ടുമാസമുള്ളപ്പോളാണ് നാട്ടിലേക്കു യാത്ര. അതില്‍ കൂടുതലാവാന്‍ ഗഗന യാത്രാ ശകടങ്ങള്‍ അനുവദിക്കാറില്ല. ആകാശത്തു വെച്ച് എണ്ണം കൂടിയാലോ!! പിന്നെ ഫ്രീ ടിക്കറ്റൊക്കെ തരണ്ടേ, അതൊക്കെ വലിയ തൊന്തരവല്ലേ. അന്ന് നെടുംബാശ്ശേരി ഇല്ല, തിരോന്തോരമാണ്. പിന്നെ 5 മണിക്കൂര്‍ കാറില്‍. കാലെല്ലാം നീരുവന്ന് മന്തുപോലായി. പിറ്റേന്ന്, ബംഗലൂരു വരെ ട്രെയിനില്‍.. സഹോദരന്റെ വിവാഹം അവിടെ വെച്ചായിരുന്നു. രണ്ടു ദിവസത്തിന് ശേഷം തിരിച്ചു നാട്ടിലേക്ക്.. പിന്നെ കല്യാണ വിരുന്നുകള്‍...മറ്റു തിരക്കുകള്‍...ചുരുക്കത്തില്‍, ഇതൊക്കെ കഴിഞ്ഞു വന്നപ്പോളേക്കും ഒരു പരുവമായി.
ബഹളങ്ങളൊക്കെ കഴിഞ്ഞ് ഉമ്മയുമായി തനിച്ചൊരു സായാഹ്നം. അപ്പു മുറ്റത്ത് കളിക്കുന്നു. “മോളെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ.. അനക്കമൊക്കെ തോന്നുന്നുണ്ടോ” ഉമ്മയുടെ ചോദ്യം.
അപ്പൊഴാണ് ശ്രദ്ധിച്ചത്.. രാവിലെ മുതല്‍ വലിയ ബഹളമൊന്നുമില്ല. സംശയം തീര്‍ത്തു കളയാം, ഡോക്റ്ററെ ഒന്നു കറക്കി.. ഉടന്‍ കല്‍പ്പന കിട്ടി, അവിടെ വരെ ചെല്ലാന്‍.
പരിശോധനകള്‍ നീളുന്നു.. മുഖം എന്തോ അത്ര പന്തിയല്ല! ഉടനെ അഡ്മിറ്റാക്കി. പിന്നെ ആ കയ്യിലും ഈ കയ്യിലും കുഴലുകള്‍... ഒരു യുദ്ധകാലാടിസ്ഥാന സ്ന്നാഹങ്ങള്‍. പല മരുന്നുകളും, അമിനോ ആസിഡുമെല്ലാം ധമനികളിലൂടെ ഒഴുകി. സമയം ഇഴയുന്നു.. പതുക്കെ, പതുക്കെ അനക്കം തോന്നുന്നൊ? മിനിറ്റു വെച്ച് അതു ചെക്ക് ചെയ്യാന്‍ ഒരു ഡോക്റ്റര്‍ അരികില്‍ തന്നെ ഉണ്ട്. ഓഹ്!! മയങ്ങിത്തുടങ്ങിയ ജീവന്‍ തിരികെ സ്പന്ദിക്കാന്‍ തുടങ്ങി,ആശ്വാസം!! ആ കാര്യങ്ങള്‍ ഇന്നും ഒരു ഞെട്ടലായി മനസ്സില്‍ അവശേഷിക്കുന്നു.
ഒരാഴ്ച്ച പിന്നെയും ആശുപത്രിയില്‍.പിന്നെ നീണ്ട വിശ്രമം വീട്ടില്‍.
ഒടുവില്‍.. 1995 മാര്‍ച്ച് 7 വാവയുടെ ജന്മദിനമായി. അതും മറ്റൊരു സര്‍ജിക്കല്‍ വണ്ടര്‍!!വളരെ കുറഞ്ഞ തൂക്കത്തില്‍ ഒരു പൂച്ചക്കുഞ്ഞുപോലെ അവന്‍ ഭൂമിയിലെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു!!

വാവ ജനിച്ച് രണ്ട് ദിവസമുള്ളപ്പോള്‍.
പണിയെടുക്കുമ്പോള്‍ കൂടെ വരാതിരിക്കാന്‍ പിടിച്ച് ഇരുത്തുന്നതയിരുന്നു. കുറച്ചുനേരം ഇരുന്ന് കളിക്കും, പിന്നെ ബോറടിക്കും, ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ ഉറക്കവും... കുസൃതിക്കുരുന്നിന്റെ പലഭാവങ്ങള്‍!!
ടീനേജ്കാരനായ വാവ
ഇന്ന് വാവയ്ക്ക് 14 വയസ്സു തികയുന്നു.
വയസ്സെത്ര കൂടിയാലും അവനെന്നും ഞങ്ങളുടെ വാവ.
മൂത്തയാള്‍ അപ്പു, അവനാണ് മാര്‍ച്ച് മാസത്തിലെ ആദ്യത്തെ അനുഗ്രഹം. 2009 മാര്‍ച്ച് 26ന് അവന് 22 വയസ്സാകും.
ജീവിതത്തിലെ പടവുകളേറാന്‍...വിഘ്നങ്ങള്‍ തരണം ചെയ്തു മുന്നേറാന്‍...എല്ലാത്തിനുമുപരി,നല്ല മനുഷ്യരാവാന്‍ ഒരുപാടൊരുപാട് ആശംസകളും പ്രാര്‍ത്ഥനകളും...മക്കളേ നിങ്ങള്‍ക്കായി.
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ.

തറവാടി said...
ജന്മദിനാശംസകള്‍ :)തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണീ
March 6, 2009 10:23 PM
B Shihab said...
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ
March 7, 2009 12:35 AM